കൊട്ടാരക്കര: അനധികൃത മണ്ണ് കടത്തിലിനെതിരെ നടപടിയെടുത്ത തനിക്കുനേരേ ഭീഷണിയുണ്ടായെന്ന് തഹസിൽദാരുടെ വെളിപ്പെടുത്തൽ. കഴിഞ്ഞദിവസം ചേർന്ന താലൂക്ക് വികസനസമിതി യോഗത്തിലാണ് തഹസിൽദാർ എം.കെ. അജികുമാർ അനുഭവം തുറന്നുപറഞ്ഞത്.
മാധ്യമങ്ങളെക്കൂട്ടി അപകീർത്തിപ്പെടുത്തുമെന്നായിരുന്നു പ്രധാനഭീഷണി. 16 ടൺ മണ്ണ് കടത്താൻ അനുമതിയുള്ള ലോറികളിൽ 27 ടൺ മണ്ണ് കടത്തുന്നുണ്ടെന്നും തഹസിൽദാർ പറഞ്ഞു.
ജില്ലയിൽ ഏറ്റവും കൂടുതൽ മണ്ണെടുപ്പ് നടക്കുന്നത് കൊട്ടാരക്കരയിലാണെന്നും നിയമലംഘനത്തിന് ജിയോളജി വകുപ്പും പൊലീസും കൂട്ടുനിൽക്കുകയാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. താലൂക്ക് വികസന സമിതി പ്രഹസനവും വഴിപാടുമാണെന്ന് അധ്യക്ഷത വഹിച്ച വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത് കുറ്റപ്പെടുത്തി.
താലൂക്കിൽ മോഷണവും പിടിച്ചുപറിയും അക്രമവും വർധിക്കുന്നതായി പരാതി ഉയർന്നു. അഞ്ചുകോടി അനുവദിച്ചിട്ടും കൊട്ടാരക്കരയിൽ ആധുനിക മാർക്കറ്റ് നിർമാണം തുടങ്ങാത്തതിൽ പ്രതിഷേധമുയർന്നു.
വേനലിൽ കൃഷി നാശമുണ്ടാകുന്ന എല്ലാ കർഷകർക്കും നഷ്ടപരിഹാരം നൽകണം, എല്ലാ കൃഷിയിടങ്ങളിലും കനാൽ ജലം എത്തിക്കണം, പ്രധാന റോഡുകളിൽ കെട്ടുകാഴ്ചകൾ നിരോധിക്കണം, പരീക്ഷക്കാലമായതിനാൽ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണം, പുലമണിലെ കമാനങ്ങളും ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യണം, സീബ്രാലൈൻ മാറ്റി സ്ഥാപിക്കണം, ഇവിടെ ബൈപാസോ ആകാശപാതയോ അടിയന്തരമായി നിർമിക്കണം, ചെട്ടിയാരഴികത്ത് പാലം വഴി മണ്ണടി-കടമ്പനാട് ബസ് അനുവദിക്കണം, കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളിൽ ജലവിതരണം തുടങ്ങണം തുടങ്ങിയ ആ വശ്യങ്ങളും ഉയർന്നു. കൊട്ടാരക്കര-നെടുവത്തൂർ ജലജീവൻ കുടിവെള്ളപദ്ധതിക്കായി ഭൂമി വാങ്ങുന്നതിനുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ച നടത്തുമെന്ന് കൊട്ടാരക്കര നഗരസഭ സെക്രട്ടറി അറിയിച്ചു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.