കൊല്ലം: കെ.എസ്.ആർ.ടി.സി ആരംഭിച്ച കൊറിയർ സർവിസ് കൊല്ലത്ത് ട്രെൻഡിങ്ങാണ്. കൊല്ലത്തെ മൂന്ന് ഡിപ്പോകളിൽനിന്നാണ് പാർസൽ-കൊറിയർ സർവിസുകൾ നടത്തുന്നത്. ഇവിടെനിന്ന് പ്രതിദിനം അയക്കുന്ന കൊറിയറുകൾ 75ന് മേലെയാണ്. നൂറിലധികം കൊറിയറുകൾ കൊല്ലം ഡിപ്പോയിലേക്ക് എത്തിച്ചേരുന്നുമുണ്ട്. കൊല്ലം ഡിപ്പോക്ക് പുറമെ കൊട്ടാരക്കരയും പുനലൂരുമാണ് ജില്ലയിലെ കൊറിയറുകൾ സ്വീകരിക്കുന്നതും എത്തിച്ചേരുന്നതുമായ മറ്റ് ഡിപ്പോകൾ. കൊറിയർ സർവിസിലൂടെ ജില്ലയിൽനിന്ന് പ്രതിമാസം ആറുലക്ഷത്തിൽധികം വരുമാനം ലഭിക്കുന്നതായി അതികൃതർ പറയുന്നു. കൊല്ലത്തെയും കൊട്ടാരക്കരയിലെയും പാർസൽ സർവിസുകൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. മൂന്ന് ഷിഫ്റ്റുകളായി ആറ് ജീവനക്കാരാണ് ഡ്യൂട്ടിക്കുള്ളത്. എറ്റവും കൂടുതൽ വരുമാനവും കൊല്ലത്താണ്.
ദിനേന കൊല്ലം ഡിപ്പോയിൽനിന്ന് പതിനായിരത്തിലേറെ രൂപയാണ് ലഭിക്കുന്നത്. തൊട്ടുപിന്നിലായി കൊട്ടാരക്കരയും പുനലൂരുമുണ്ട്. ഇവിടങ്ങളിലും പ്രതിദിനം അമ്പതിലേറെ കൊറിയറുകൾ അയക്കുന്നു. പ്രധാനമായും ജില്ലയിൽനിന്ന് അയക്കുന്നത് എമർജൻസി മെഡിസിനുകളാണ്. എത്തുന്നവയിൽ പ്രധാനവും ഇവതന്നെ. കൊറിയർ സ്വീകരിച്ച് തൊട്ടടുത്ത ബസിൽതന്നെ അയക്കുകയാണ് പതിവ്. കൂടാതെ ജില്ലയുടെ പ്രധാന ഉൽപന്നമായ കശുവണ്ടിയും മറ്റിടങ്ങളിലേക്ക് അയക്കുന്നുണ്ട്. ബൈക്കുകളുടെയും കാറുകളുടെയും സ്പെയർപാർട്സ്, മൊബൈൽ ഫോൺ, തുണിത്തരങ്ങൾ, പേപ്പർ ബാഗുകൾ, ലാബ് ഉൽപന്നങ്ങൾ, ഡെന്റൽ ഉപകരണങ്ങൾ എന്നിവയും മുഖ്യമായുണ്ട്. പാർസൽ സ്വീകരിച്ചാലുടൻ അടുത്ത ബസിൽ അയക്കുകയാണ്. ഇതിനായി പ്രത്യേകം ജീവനക്കാരുണ്ട്. ദൂരസ്ഥലങ്ങളിലേക്കാണെങ്കിൽ തൊട്ടടുത്ത ദീർഘദൂര സർവിസിനാകും കൈമാറുക. ഡിപ്പോകളിൽ പാർസൽ എത്തിയാൽ വിലാസക്കാരനെ വിളിച്ചറിയിക്കും. കാസർകോട് അടക്കം കേരളത്തിലെ എല്ലാ ഭാഗങ്ങളിലേക്കും കൊല്ലത്തുനിന്ന് കൊറിയർ സർവിസുണ്ട്. എല്ലായിടങ്ങളിൽനിന്നും ഇവിടേക്ക് സാധനങ്ങളും എത്തുന്നു.
നാഗർകോവിൽ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മാത്രമാണ് സംസ്ഥാനത്തിനുപുറത്തുള്ള കൗണ്ടറുകൾ. 25 ഗ്രാം വരെ മിനിമം 30 രൂപയാണ് ഈടാക്കുന്നത്. ഒരുകിലോ മുതൽ 30 കിലോവരെ 200 കിലോമീറ്റർ ദൂരം അയക്കാൻ 130 രൂപ മാത്രമേയുള്ളൂ. മറ്റ് സ്വകാര്യ കമ്പനികൾ 500ന് മേലെ തുക ഈടാക്കുന്നസ്ഥാനത്താണിത്. കഴിഞ്ഞവർഷമാണ് കെ.എസ്.ആർ.ടി.സി സർവിസിന് തുടക്കമിട്ടത്. ആദ്യം 48 ഡിപ്പോകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ അയച്ചാൽ ഒട്ടുമിക്ക ഡിപ്പോകളിലും വൈകീട്ടോടെ പാർസലെത്തുമെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.