കൊല്ലം: ഡീസലടിക്കാൻ പണമില്ലാത്തതിന്റെ പേരിൽ സർവിസ് വെട്ടിക്കുറച്ച കെ.എസ്.ആർ.ടി.സിയുടെ നടപടിയിൽ വലഞ്ഞ് യാത്രക്കാർ. കെ.എസ്.ആർ.ടി.സി സർവിസിനെ പ്രധാനമായും ആശ്രയിക്കുന്ന കിഴക്കൻ മേഖല ഉൾപ്പെടെ ഉൾപ്രദേശങ്ങളിലാണ് യാത്രക്കാർ ബുദ്ധിമുട്ടിയത്. കൊട്ടാരക്കരയിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഫാസ്റ്റ് പാസഞ്ചർ സർവിസുകളെ കാര്യമായി ബാധിച്ചില്ലെങ്കിലും ഓർഡിനറി സർവിസുകൾ 50 ശതമാനം വരെയാണ് വെള്ളിയാഴ്ച നിരത്തിൽനിന്ന് വിട്ടുനിന്നത്. കൊല്ലം ജില്ലയിൽ ആകെയുള്ള 411 ഷെഡ്യൂളുകളിൽ 100 എണ്ണമാണ് റദ്ദാക്കിയത്. ഇവയെല്ലാം ഓർഡിനറിയാണ്. കൊട്ടാരക്കരയിലാണ് ഏറ്റവും കൂടുതൽ സർവിസുകൾ വെട്ടിക്കുറച്ചത്. 103 ഷെഡ്യൂളുകളിൽ 35 എണ്ണമാണ് ഇവിടെ റദ്ദാക്കിയത്. 68 ഷെഡ്യൂളുകൾ മാത്രമായതോടെ യാത്രാക്ലേശം രൂക്ഷമായതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. 73 സർവിസുകളുള്ള കൊല്ലം ഡിപ്പോയിൽ 65 സർവിസുകൾ നടത്തിയപ്പോൾ എട്ടെണ്ണം റദ്ദാക്കി. പുനലൂരിൽ 50 സർവിസുള്ളതിൽ 12 എണ്ണം റദ്ദാക്കി. 42 സർവിസുള്ള ചാത്തന്നൂരിൽ 17 എണ്ണവും 63 സർവിസുള്ള കരുനാഗപ്പള്ളിയിൽ നാലെണ്ണവും റദ്ദാക്കി.
കിഴക്കൻ മേഖലയിൽ 44 സർവിസ് മാത്രമുള്ള ചടയമംഗലത്ത് 18 എണ്ണമാണ് വെട്ടിക്കുറച്ചത്. കുളത്തൂപ്പുഴയിൽ 25 എണ്ണത്തിൽ രണ്ടെണ്ണം മാത്രം ഒഴിവാക്കി. ആര്യങ്കാവിൽ 11 എണ്ണമുള്ളതിൽ നാലെണ്ണം റദ്ദാക്കി. ശനിയാഴ്ച 25 ശതമാനവും ഞായറാഴ്ച പൂർണമായും ഓർഡിനറി സർവിസുകൾ കുറക്കുമ്പോൾ വലിയ യാത്രാദുരിതമാകും അനുഭവിക്കേണ്ടിവരിക.
അതേസമയം, കെ.എസ്.ആർ.ടി.സിയിൽ ഡീസലിനുപോലും പണം അടയ്ക്കാനില്ലെന്ന പ്രചാരണം വ്യാജമാണെന്ന ആരോപണവും ഉയരുന്നുണ്ട്. ജീവനക്കാരുടെ ശമ്പളവിതരണം സംബന്ധിച്ച കേസ് കോടതി പരിഗണിക്കുമ്പോൾ കോർപറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള മാനേജ്മെന്റിന്റെ തന്ത്രമാണ് ഡീസലിന് പണമില്ലെന്ന വാദവും സർവിസ് വെട്ടിക്കുറക്കലുമെന്നാണ് ജീവനക്കാർതന്നെ സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.