കുണ്ടറ: മഴക്കാലം എത്തിയിട്ടും ചിറക്കോണത്തുകാർക്ക് കുടിവെള്ളം വിലയ്ക്കുവാങ്ങി ഉപയോഗിക്കേണ്ടി വരുന്ന ഗതികേട് തുടരുന്നു. പെരിനാട് പഞ്ചായത്തിലെ ചിറക്കോണത്തിനൊപ്പം നാന്തിരിക്കൽ വാർഡിലെ വീട്ടുകാരും സമാന ബുദ്ധിമുട്ട് നേരിടുകയാണ്. മിക്ക വീടുകളിലും വെള്ളം വിലക്ക് വാങ്ങുകയാണ്.
750 ലിറ്ററിന് കിട്ടുംപോലെയാണ് വില വാങ്ങുന്നത്. 250 മുതൽ 350 രൂപ വരെ നീളും. പ്രതിമാസം അയ്യായിരം രൂപവരെ കുടിവെള്ളത്തിന് നീക്കിവെക്കേണ്ടിവരുന്നത് തുച്ഛവരുമാനക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചു.
റെയിൽവേ ലൈനിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് അക്കേഷ്യ മരങ്ങൾ നട്ടതിനാൽ ഭൂഗർഭജലം ഇല്ലാതായതാണ്. ഡിസംബർ പകുതിയോടെ പ്രദേശത്തെ കിണറുകൾ വറ്റും. പിന്നെ ഏക ആശ്രയം വാട്ടർ അതോറിറ്റി ലൈൻ പൈപ്പുകളാണ്. നന്തിരിക്കലിലെ കുഴൽ കിണറിൽ നിന്നാണ് ഇവിടേക്ക് വെള്ളം എത്തിക്കുന്നത്. ഈ കിണർ കേടായിട്ട് ആറുമാസം കഴിഞ്ഞു.
പുതിയ കിണർ നിർമിച്ച് മോട്ടോർ വാങ്ങിയിട്ടും പഞ്ചായത്തിന്റെയും ജല അതോറിറ്റിയുടെയും അലംഭാവം മൂലം കുടിവെള്ളം എത്തിക്കൽ അനിശ്ചിതമായി നീളുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതാണ് കാലതാമസത്തിന് കാരണമെന്ന വിശദീകരണമാണ് പഞ്ചായത്ത് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.