കുണ്ടറ: ഇളമ്പള്ളൂര്‍ പഞ്ചായത്ത് പനംകുറ്റി ഏലായില്‍ വ്യാപക തോതില്‍ വയൽ നികത്തൽ. പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ നല്കിയ ഉത്തരവുകള്‍ അവഗണിച്ചാണ് വയൽ നികത്തൽ തുടരുന്നത്. ഇളമ്പള്ളൂര്‍ പഞ്ചായത്ത് ഓഫിസിനും വില്ലേജ് ഓഫിസിനും മധ്യേയാണ് ഏക്കര്‍ കണക്കിന് പാടമുള്ള പനംകുറ്റി ഏല. പനംകുറ്റിയില്‍ നിന്ന് ആശുപത്രിമുക്കിലേക്ക് എത്തിച്ചേരാനുള്ള റോഡ് വശത്തുള്ള ഏലായാണ് വ്യാപകമായി നികത്തുന്നത്.
ഭൂമിതരം മാറ്റാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വ്യാപക നികത്തല്‍. നികത്തല്‍ ശ്രദ്ധയില്‍പ്പെട്ട ഇളമ്പള്ളൂര്‍ വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും നികത്താനിട്ട മണ്ണ് അവിടെ നിന്ന് നീക്കം ചെയ്യണമെന്ന് രണ്ട് മാസം മുമ്പ് ഭൂ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് യാതൊരു വിലയും ഇവർ കല്പിച്ചില്ല. വില്ലേജ് ഓഫിസും തുടർ നടപടി സ്വീകരിച്ചില്ല.
പഞ്ചായത്തിനും നടപടി സ്വീകരിക്കാമെന്നിരിക്കേ വിവരം അറിഞ്ഞിട്ടും പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മൗനംപാലിക്കുകയാണ്. ഭരണസമിതിയിലെതന്നെ കക്ഷിവ്യത്യാസമില്ലാതെ ചില അംഗങ്ങളും നികത്തിലിന്റെ ഭാഗത്താണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഒരു മുന്‍ റവന്യു ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് വയല്‍ നികത്തുന്നതെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.