കുണ്ടറ: എസ്.എച്ച്.ഒക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത നല്കിയ സമൂഹമാധ്യമങ്ങൾക്കും വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ച യുവതിക്കും ഭര്‍ത്താവിനും എതിരെ കുണ്ടറ പൊലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെ കുണ്ടറ സി.ഐയെയും പൊലീസ് സേനയെയും അപകീര്ത്തിപെടുത്താന് ശ്രമിച്ചതിന് ആറ് പേര്‍ക്കെതിരെയാണ് കേസ്.
കുണ്ടറ സ്വദേശികളായ നീനു നൗഷാദ്, ഭര്‍ത്താവ് സാജിദ്, കൊട്ടാരക്കര വാര്‍ത്തകള്‍, കേരള ടുഡേ എന്നീ ഫേസ് ബുക്ക് പേജുകളുടെ എഡിറ്റര്‍മാര്‍, അവതാരകര്‍ എന്നിവര്‍ക്കെതിരെയാണ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കേസെടുത്തത്. കുണ്ടറ സി.ഐ ആര്. രതീഷ് കമ്മിഷണര്‍ക്ക് നല്കിയ പരാതയുടെ അടിസ്ഥാത്തിലാണ് നടപടി.
കഴിഞ്ഞ 15ന് നീനു സമീപവാസികള്‍ക്ക് എതിരെ പരാതി നല്കാന് കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സി.ഐ ലൈംഗിക ചുവയോടെ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കുകയും ഫേസ് ബുക്ക് പേജുകള്‍ വഴി വ്യാജ പ്രചാരണം നടത്തുകയും ചെയ്തു.
എന്നാൽ, സ്പെഷല്‍ ബ്രാഞ്ചും കമീഷണറും നടത്തിയ അന്വേഷണത്തില്‍ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് പരാതി വ്യാജമെന്ന് തെളിഞ്ഞു. എസ്.എച്ച്.ഒയുടെ മുറിയിലും പൊലീസ് സ്റ്റേഷനിലും ശബ്ദംറെക്കോഡ് ചെയ്യുന്നതുള്‍പ്പെടെ ആധുനിക കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
കാമറയിലെ ദൃശ്യങ്ങളും സ്റ്റേഷനില്‍ സംഭവസമയമുണ്ടായിരുന്നവരിൽ നിന്നുള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ച ശേഷം ഉന്നത അധികാരികള്‍ നിയമോപദേശം തേടിയ ശേഷമാണ് കേസെടുത്തത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫ് പറഞ്ഞു.
വ്യാജരേഖ പ്രചരിപ്പിക്കുക, വ്യക്തിഹത്യചെയ്യുക, അപകീര്‍ത്തിപ്പെടുത്തുക, വ്യാജതെളിവുണ്ടാക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്നാണ് സൂചന. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്ക്കെരെയും നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.