കുണ്ടറ: നിര്‍മാണം ആരംഭിച്ച് നാലു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ ഇളമ്പള്ളൂര്‍-ചന്ദനത്തോപ്പ് സമാന്തര പാത. 2019 മാര്‍ച്ച് മൂന്നിനാണ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ ഇളമ്പള്ളൂര്‍-ചന്ദനത്തോപ്പ് റെയില്‍വേ സമാന്തരപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. രണ്ടു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം.
ബി.എം.ബി.സി നിലവാരത്തില്‍ റോഡിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ഒരു ഭാഗത്ത് മാത്രമാണ് നടന്നത്. ഇളമ്പള്ളൂരില്നിന്ന് കേരളപുരം മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം വരെയാണ് ആദ്യഭാഗം.
കേരളപുരം റെയില്‍വേ ഗേറ്റില്നിന്നാരംഭിച്ച് ചന്ദനത്തോപ്പിലാണ് അടുത്തഭാഗം. മുസ്ലിം ജമാഅത്ത് പള്ളിക്കും കേരളപുരം റെയില്‍വേ റോഡിന് സമീപവും 100 മീറ്ററോളം ഭാഗമാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായത്. ഇവിടെ കലുങ്ക് നിര്‍മിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ട്. ഇതാണ് റോഡ് നിർമാണം വൈകിപ്പിക്കുന്നത്.
റോഡുമായി ബന്ധപ്പെട്ട് സബ്മിഷന് നിയമസഭയില്‍ ഉന്നയിച്ചപ്പോൾ ഫിഷറീസ് മന്ത്രി സജി ചെറിയാന് ജനങ്ങള്‍ക്ക് ആശ്വാസം നല്കുന്ന മറുപടിയാണ് പറഞ്ഞതെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ അറിയിച്ചു. റെയില്‍വേയുമായുള്ള ചില പ്രശ്നങ്ങള്‍ പരിഹരിക്കാൻ വകുപ്പുതലത്തില്‍ ഇടപെടലുകള്‍ നടന്നുവരുകയാണ്.
ഫണ്ട് പാഴാകുമെന്നും റോഡ് പൂര്ത്തിയാക്കില്ലെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരളപുരം പള്ളിക്ക് സമീപത്തെ കലുങ്കും റെയില്‍വേ പാളവുമായുള്ള അകലത്തിലും റെയില്‍വേയുടെ കേബിളുകള്‍ അതുവഴി പോകുന്നതിനാലുമുള്ള പ്രശ്നങ്ങളുണ്ട്. ഇതു പരിഹരിക്കാന്‍ ശ്രമം നടന്നുവരുകയാണ്. ഇളമ്പള്ളൂര്‍ ഭാഗത്തുള്ള കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് നിർമാണം നീളുന്നത് എം.എല്‍.എയുടെ അനാസ്ഥമൂലമാണെന്ന് സി.പി.എം പ്രതിനിധിയും പെരിനാട് പഞ്ചായത്ത് ക്ഷേമകാര്യസമിതി അധ്യക്ഷനുമായ മുഹമ്മദ് ജാഫി കുറ്റപ്പെടുത്തി. എം.എല്‍.എ ഓഫിസ്, ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് ഓഫിസ് എന്നിവ ഉപരോധിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.