കുണ്ടറ: നാടകം പഠിപ്പിക്കാനെത്തി സ്കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ പെരിനാട് പഞ്ചായത്തംഗത്തിനെതിരെ രണ്ടാമത്തെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കൊറ്റങ്കര ചന്ദനത്തോപ്പ് മുണ്ടന്‍ചിറ മാടന്‍കാവിന് സമീപം പണയില്‍വീട്ടില്‍ ടി.എസ്. മണിവര്‍ണ (47) നെതിരെയാണ് കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ ഇയാള്‍ മാർച്ച് 20 വരെ റിമാന്‍ഡിലാണ്.
കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരവധി തവണ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് മൊഴി. സ്കൂളില്‍ നാടക അധ്യാപകനായ പ്രതി പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
കുണ്ടറ: സ്കൂള്‍ നാടക പരിശീലകനും പഞ്ചായത്തംഗവുമായ ടി.എസ്. മണിവര്ണന് സ്കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ സമൂഹത്തിന്റെയും പ്രദേശത്തെ രാഷ്ട്രീയ-സാംസ്കാരിക നേതൃത്വത്തിന്റെയും ജാഗ്രതക്കുറവ് ഒരു കുടുംബത്തെയാണ് തകര്‍ത്തത്. മണിവര്ണനെതിരെ പരാതിയുമായി പെണ്‍കുട്ടിയുടെ പിതാവ് പ്രിന്‍സിപ്പലിനെ സമീപിച്ചെങ്കിലും ആഴ്ചകളോളം നടപടിയുണ്ടായില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പെണ്‍കുട്ടിയുടെ അടുത്ത ബന്ധു പ്രശ്നത്തില്‍ ഇടപെടാന്‍ മാതൃസംഘടനാനേതൃത്വത്തെ സമീപിച്ചപ്പോഴും ഫലം നിരാശയായിരുന്നു. ഒടുവില്‍ ഇരയുടെ പിതാവ് കുണ്ടറ പൊലീസില്‍ പരാതി നല്കി.
പൊലീസ് അധികാരികള്‍ക്ക് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായെങ്കിലും ആദ്യഘട്ടത്തില്‍ ഇര മൊഴിനല്‍കാന്‍ തയാറാകാതിരുന്നത് കേസെടുക്കാൻ തടസ്സമായി. കടുത്ത ഭീഷണിയും ഇരക്ക് നേരിടേണ്ടി വന്നു. പൊലീസിനുമേലും രാഷ്ട്രീയസമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥ സമ്മര്‍ദവും ഉണ്ടായി. പ്രതി സി.പി.എം അംഗമായതിനാൽ വനിതാ സംഘടനയോ വിദ്യാർഥി സംഘടനയോ അനങ്ങിയില്ല. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എതിര്മുന്നണിക്കെതിരെ ഉപയോഗിക്കാവുന്ന ആയുധമായിട്ടുകൂടി കോണ്‍ഗ്രസും യു.ഡി.എഫിലെ മറ്റ് പാര്‍ട്ടികളും മൗനം പാലിച്ചു. ഒടുവിൽ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്യുകയും മാതാവ് ആത്മഹത്യാശ്രമം നടത്തുകയും ചെയ്ത ശേഷം മാത്രമാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ പൊലീസ് സ്റ്റേഷന് മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധം അവസാനിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ അതി ജാഗ്രതയാണ് ചില കേന്ദ്രങ്ങള്‍ പുലര്‍ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.