കുണ്ടറ : മഴ പെയ്താൽ വെള്ളക്കെട്ടാകുന്ന ദുരിതത്തിലാണ് ഇളമ്പള്ളൂർ ജങ്ഷൻ. ഈ ദുരിതം എളുപ്പം പരിഹരിക്കാവുന്നതാണെങ്കിലും ‘പൂച്ചക്കാര് മണി കൊട്ടും’ എന്ന മട്ടാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നടപ്പാത നിർമ്മിച്ച് തറയോട് പാകിയതോടെയാണ് വെള്ളക്കെട്ട് ആരംഭിച്ചത്. ദേശീയ പാതക്ക് അടിയിലൂടെ വെള്ളം ഒഴുകിപോകുന്നതിനുള്ള കൾവർട്ടിനുള്ളിൽ കൂടി സ്വകാര്യ മൊബൈൽ കമ്പനികളുടെ കേബിൾ പൈപ്പുകൾ നിറഞ്ഞതാണ് ഒരു കാരണം.
അതിനോടൊപ്പം തന്നെ പാതയിൽ പെയ്തിറങ്ങുന്ന വെള്ളം കൾവർട്ടിനുള്ളിലേക്ക് ഒഴുകി ഇറങ്ങുന്നതിന് നേരത്തെ രണ്ടടിയോളം ചുറ്റളവുള്ള സ്ഥലം ഉണ്ടായിരുന്നു നവീകരണത്തിന്റെ ഭാഗമായി ഇതിന് മുകളിൽ കൂടി തറയോട് പാവുകയും നീരൊഴുക്കിനായി ചെറിയ മൂന്ന് പി .വി. സി. പൈപ്പുകൾ സ്ഥാപിച്ചതുമാണ് വിനയായത്.
ഈ പൈപ്പുകളും ജലനിരപ്പിൽ മുകളിലായതിനാൽ മുഴുവൻ വെള്ളവും ഒഴുകി പോവുകയുമില്ല. ഈ പൈപ്പുകൾ എടുത്ത് മാറ്റിയാൽ തന്നെ വെള്ളം കൾവർട്ടിലേക്ക് ഒഴുകും. ദേശീയപാത അധികൃതരെ വിവരം അറിയിച്ച് പഞ്ചായത്തിന് പോലും പരിഹാരം കാണാവുന്ന നിസ്സാര പ്രശ്നമാണിത്. എന്നാൽ അധികൃതർ ആരും തന്നെ നാട്ടുകാരുടെ ദുരിതം കണ്ട ലക്ഷണം കാണിക്കാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.