കുണ്ടറ: രണ്ട് പതിറ്റാണ്ടായി റെയിൽവേ മേൽപാലത്തിനായി കുണ്ടറ നിവാസികൾ കാത്തിരിക്കുകയാണ്. പി. രാജേന്ദ്രൻ എം.പി ആയിരുന്ന 1999-2004 കാലയളവിലാണ് പള്ളിമുക്ക് റെയിൽവേ മേൽപാലത്തിനായി ഒരു ലക്ഷം രൂപ കേന്ദ്ര ബജറ്റിൽ ടോക്കൺ തുകയായി അനുവദിച്ചത്. അന്ന് പള്ളിമുക്കിൽ സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂനിയൻ യൂനിറ്റ് ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
അന്നുമുതൽ കുണ്ടറക്കാർ കൊതിച്ചു തുടങ്ങിയതാണ് ഒരു റെയിൽവേ മേൽപാലം. പിന്നീട് ജെ. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്നപ്പോൾ മേൽപാലത്തിനായി 39.86 കോടിയുടെ ഭരണാനുമതി ലഭിക്കുകയും നിർവഹണ ഏജൻസിയായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ജനറൽ അലൈൻമെൻറ് ഡ്രോയിങിന് റെയിൽവേയുടെ അംഗീകാരവും ലഭിച്ചിരുന്നു. ഈ പാലം റെയിൽവേയുടെ പിങ്ക് ലിസ്റ്റിലും ഉൾപ്പെട്ടതോടെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ കുറേക്കൂടി ശക്തമാവുകയും ചെയ്തു. ഈ അവസരത്തിലാണ് ഗുണത്തിനായെടുത്ത നടപടി ദോഷമായി ഭവിച്ചത്.
മേഴ്സിക്കുട്ടിയമ്മ തന്നെ ദേശീയപാത 744ന്റെ കോയിക്കൽ മുതൽ കരിക്കോട് ജങ്ഷൻ വരെയുള്ള ഭാഗം നാലുവരിപ്പാതയാക്കുന്നതിനും പള്ളിമുക്കിൽ ഫ്ലൈ ഓവറും മേൽപാലവും നിർമിക്കുന്നതിനും പള്ളിമുക്കിന് മാത്രമായി 447 കോടി രൂപയുടെ ഭരണാനുമതി നൽകുകയും നിർമാണച്ചുതല കിഫ്ബിയെ ഏൽപിക്കുകയും ചെയ്തു. എന്നാൽ, 2022-2023ലെ സംസ്ഥാന ബജറ്റിൽ 1000 കോടി രൂപയുടെ കൊല്ലം -ചെങ്കോട്ട ദേശീയപാത വികസന പദ്ധതിയോട് മന്ത്രി കെ.എൻ. ബാലഗോപാൽ ഈ മേൽപാലം കൂട്ടിക്കെട്ടി. ഇതോടെ പദ്ധതിയിൽനിന്ന് കെ.ആർ.എഫ്.ബി പിൻമാറി. 1000 കോടിയുടെ ആപ്പിൽ വീണ് പല നിർമാണവും പ്രതീഷയറ്റതാവുകയും ചെയ്തു.
2024-2025 കേന്ദ്ര ബജറ്റിൽ ഇളമ്പള്ളൂർ, പള്ളിമുക്ക് പാലങ്ങൾക്കായി 10 ലക്ഷം രൂപ അനുവദിച്ചത്. പാർലമെൻറ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പള്ളിമുക്ക് റെയിൽവേ മേൽപാലനിർമാണോദ്ഘാടനം പ്രധാനമന്ത്രി ഓൺലൈനായി നിർവഹിച്ചിരുന്നു. ഇത് വലിയ തട്ടിപ്പാണെന്ന് എൽ.ഡി.എഫ് ശക്തമായ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. പാലം വാരാൻ തുടക്കമിട്ടവർ തന്നെ മറ്റ് രണ്ട് വലിയപദ്ധതികളുമായി കൂട്ടി കെട്ടിയതാണ് നിർമാണം നീണ്ടു പോകാൻ കാരണമായത്.
പി.സി. വിഷ്ണുനാഥ് എം.എൽ.എ 2021 ജൂൺ ഒമ്പതിനും 2022 ജൂലൈ 12നും പള്ളിമുക്ക് മേൽപാലം നിയമസഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നു. തുടർന്ന് 2023 ഒക്ടോബർ 26ന് എം.എൽ.എ കിഫ്ബിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ യോഗം ചേർന്നു. എൻ.എച്ച്.എ.ഐയുടെ പരിഗണനയിലുണ്ടായിരുന്ന കൊല്ലം-ചെങ്കോട്ട പദ്ധതി ഉപേക്ഷിച്ചതിനാൽ പള്ളിമുക്ക് റെയിൽവേ മേൽപാല നിർമാണത്തിനുള്ള ചുമതല ആർ.ബി.ഡി.സി.കെയിൽ നിന്ന് തിരികെ നൽകാൻ തീരുമാനിച്ചു.
റെയിൽവേയുടെ ഭാവി വികസന പദ്ധതികൾ കൂടി പരിഗണിച്ച് ഇനി പുതിയ ജനറൽ അലൈൻമെൻറ് ഡ്രോയിങ് ഉണ്ടാകണം. ഇതിനായി റെയിൽവേ ആർ.ബി.ഡി.കെ. ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥലം സന്ദർശിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ഈ നടപടിക്ക് ഇനി എത്ര നാൾ കാത്തിരിക്കണം എന്നതാണ് ഉയരുന്ന ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.