കൊല്ലം: സിനിമ സ്ക്രീനുകളിൽ വില്ലനായി നിറഞ്ഞുനിന്നപ്പോഴും ജീവിതത്തിൽ സൗമ്യനായ മനുഷ്യസ്നേഹിയായിരുന്നു കുണ്ടറ ജോണി. നാൽപതുവർഷത്തിലേറെക്കാലം അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ച നടൻ സിനിമ മേഖലക്ക് എന്നും പ്രിയപ്പെട്ടവനായതും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൂടെയായിരുന്നു.
കൊല്ലത്തെ പൊതുയിടങ്ങളിൽ കുടുംബത്തോടൊപ്പം ജോണി മിക്കപ്പോഴും എത്തിയിരുന്നു. പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ നിറഞ്ഞ പുഞ്ചിരിയോടെ വില്ലന്റെ മുഖപടമില്ലാതെ അയാൾ വന്നു. കൊല്ലത്തുകാർ ജോണിയെ ഏറെ ഇഷ്ടപ്പെട്ടതിൽ തലക്കനമില്ലാത്തെ പെരുമാറ്റവും മുഖ്യഘടകമാണ്.
1978ൽ 23ാം വയസ്സില്‍ സിനിമയിൽ മുഖംകാണിക്കാൻ കൊല്ലത്തുനിന്ന് മദിരാശിയിലേക്ക് ട്രെയിൻ കയറിയ ജോണിയുടെ മുഖം പിന്നീട് മലയാളി മറന്നില്ല. ചെറുതും വലുതുമായ വേഷങ്ങളിലൂടെ നാലുപതിറ്റാണ്ടിലേറെ വെള്ളിത്തിരയിൽ തിളങ്ങി നിൽക്കാൻ അദ്ദേഹത്തിനായി. അവസരങ്ങൾക്ക് പിന്നാലെ പോകാൻ തയാറാകാത്ത ജോണിക്ക് മുന്നിൽ സിനിമാ ലോകം അവസരങ്ങളുടെ വാതിൽ തുറന്നു.
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ പൂർണതയിലെത്തിക്കാൻ എത്രകഠിനാധ്വാനവും ചെയ്യുന്നതായിരുന്നു രീതി. വില്ലനായാലും പൊലീസായാലും തന്റെ അഭിനയത്തെ ആരും കുറ്റംപറയരുതെന്ന നിർബന്ധം ജോണിക്കുണ്ടായിരുന്നു. തിരക്കഥ നന്നായി മനസ്സിലാക്കി സംവിധായകന്റെ താൽപര്യമറിഞ്ഞ് കാമറക്ക് മുന്നിൽ എത്തുന്നതായിരുന്നു പതിവ്. അതിനാൽ കുണ്ടറ ജോണിയെന്ന നടൻ ഒരിക്കലും ആരെയും നിരാശരാക്കിയില്ല.
സ്ക്രീനില്‍ പേടിപ്പിക്കുന്ന വില്ലനായിരുന്നുവെങ്കിലും സ്ക്രീനിനപ്പുറം സൗമ്യനായ, എപ്പോഴും ചിരിക്കുന്ന മുഖത്തിന്റെ ഉടമയായിരുന്നു ജോണിയെന്ന് സഹപ്രവവർത്തകരും സുഹൃത്തുക്കളും ഓർക്കുന്നു.
കൊല്ലം ഫാത്തിമ മാതാ കോളജില്‍ അധ്യാപികയായിരുന്ന ഡോ. സ്റ്റെല്ല ജോണിയാണ് ഭാര്യ. മകള്‍ ആഷിമ കോഴിക്കോട് എന്‍.ഐ.ടിയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്. മകന് ആരവ് എം.എസ്സി സോഫ്റ്റ്വെയര് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി. ‘ജയജയജയജയഹേ’യിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചു.
കുടുംബത്തോടൊപ്പം ഏറെ സമയം ചെലവിടാൻ ആഗ്രഹിച്ചിരുന്ന ജോണി കഴിഞ്ഞദിവസം രാത്രി ചിന്നക്കടയിലെ ഹോട്ടലിലെത്തി തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് അസുഖബാധിതാനാവുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ടയുടൻ ബെൻസിഗർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രമേഹത്തിന്റെ അസ്വസ്ഥകളുണ്ടായിരുന്നുവെങ്കിലും മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതിരുന്ന ജോണിയുടെ പെട്ടെന്നുള്ള വിയോഗം ഉറ്റവർക്കൊപ്പം ചലച്ചിത്രാസ്വാദകർക്കും നൊമ്പരമായി.
കുണ്ടറ: വിളംബരത്തിലൂടെയും വ്യവസായ കേന്ദ്രമെന്ന നിലയിലും പേരുകേട്ട കുണ്ടറയെ തനിക്കൊപ്പം ചേർക്കുകയായിരുന്നു ജോണി. കുണ്ടറ കാഞ്ഞിരകോട് കുരുവിക്കാടിനോട് ചേര്‍ന്നാണ് ജോണിയുടെ വീട്.
ജോണിയും പരിസരത്തുള്ള ചെറുപ്പക്കാരും ചേര്‍ന്ന് അരനൂറ്റാണ്ട് മുമ്പ് കുരുവിക്കാട് കേന്ദ്രമാക്കി രൂപവത്കരിച്ച ‘പൗര്‍ണമി’ ആര്‍ടസ് ആൻഡ് സ്പോർട്സ് ക്ലബ് കലാപരിപാടികളുടെ കേന്ദ്രമായിരുന്നു. ഓണക്കാലങ്ങളില്‍ സ്റ്റേജ് നാടകങ്ങള്‍ അവതരിപ്പിക്കുക പൗര്‍ണമിയുടെ പതിവായിരുന്നു. പൗര്‍ണമിയുടെ സ്റ്റേജില്‍ ജോണിയും താരമായി.
നാടന്‍കളികളും ഓണക്കളികളും അതിനൊപ്പം ഓണനാടകവും സജീവമായിരുന്ന ദിവസങ്ങളായിരുന്നു അത്. കുണ്ടറ അലിൻഡ് കമ്പനിയുടെ പ്രതാപകാലവും. സന്തോഷ് ട്രോഫി മത്സരങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്ന ഫുട്ബാൾ ടീം അലിൻഡിനുണ്ടായിരുന്നു. പ്രദേശത്തെ യുവാക്കള്‍ക്ക് ഇതു വലിയ ഹരമായിരുന്നു. അലിൻഡിന് വിശാലമായ ഫുട്ബാള്‍ ഗ്രൗണ്ട് ജോണിയടക്കം പ്രയോജനപ്പെടുത്തി.
ഇവിടത്തെ പരിശീലനവും പ്രദേശവാസികള്‍ക്ക് ആവേശം പകരുന്നതായിരുന്നു. കേരളത്തില്‍ എഴുപതുകളില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റികള്‍ വ്യാപകമായ കാലഘട്ടത്തില്‍ കുണ്ടറയിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി. കുണ്ടറയില്‍ ഇടവട്ടം എസ്. രാമചന്ദ്രന്‍പിള്ള, ഡോ.എസ്.എസ്. ഉണ്ണി, കുണ്ടറ ജോണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുണ്ടറ ഫൈന്‍ ആര്‍ട്സ് അസോസിയേഷന് രൂപവത്കരിച്ച് സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ പി.ജെ. ആന്റണിയുടേതുള്പ്പെടെയുള്ള സാമൂഹിക വിമര്‍ശനപരമായ നടകങ്ങള്‍ ഫൈന്‍ആര്‍ട്സ് അംഗങ്ങള്‍തന്നെ അവതരിപ്പിച്ചു. പിന്നീട് ഫൈന്‍ ആര്‍ട്സ് അസോസിയേഷന് രണ്ടാവുകയും കുണ്ടറ ഫാസ് എന്ന് മറ്റൊരു സംഘടന രൂപവത്കരിക്കുകയും ചെയ്തു. അതിന്റെ സ്ഥാപക പ്രസിഡന്റായ ജോണി ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയായിന്നു. പി.എം.എ. റഹ്മാനാണ് സെക്രട്ടറി. ഇരുസംഘടനകളും പ്രതിമാസ പരിപാടികളുമായി ഇപ്പോഴും സജീവമാണ്.
കുണ്ടറ ജോണിയുടെ വിയോഗത്തോടെ നഷ്ടമായായത് ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളെയെന്ന് നടൻ മോഹൻലാൽ. ‘പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു.
സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ’- മോഹൻലാൽ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പ്രിയ സുഹൃത്ത് ജോണിക്ക് ആദരാഞ്ജലികൾ നേരുന്നുവെന്നായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക് കുറിപ്പ്.
മദിരാശിയിലെ തുടക്കകാലം മുതൽ, എന്റെ അടുത്ത സഹോദരനായിരുന്നു ജോണിയെന്ന് ഗായകൻ എം.ജി ശ്രീകുമാർ അനുസ്മരിച്ചു. പണ്ട് മദിരാശിയിൽ എത്തുന്ന സൂപ്പർ താരങ്ങൾ, ഉൾപ്പെടെ എല്ലാ സിനിമ പ്രവർത്തകരും താമസിച്ചിരുന്ന പാർപ്പിടമായിരുന്നു സ്വാമീസ് ലോഡ്ജ്. അവിടെ ജോണിച്ചായനോടൊപ്പം, ആ കൊച്ചു മുറിയിൽ ഉറങ്ങാനുള്ള ഭാഗ്യം കിട്ടിയ എളിയ ഗായകനാണ് ഞാൻ’- ജോണിയെ അനുസ്മരിച്ച് ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
എം. മുകേഷ് എം.എൽ.എ
സിനിമയിൽ വരുന്നതിനുമുമ്പ് തന്നെ താനും ജോണിച്ചായനും തമ്മിൽ ഒരാത്മബന്ധം ഉണ്ടായിരുന്നുവെന്ന് എം. മുകേഷ് എം.എൽ.എ. കോളജിൽ പഠിക്കുമ്പോൾ തന്റെ സീനിയർ ആയിരുന്നു കുണ്ടറ ജോണി. സ്പോർട്സിൽ സജീവമായിരുന്ന അദ്ദേഹം ആ മേഖലയിൽ വലിയ ആളാകുമെന്നായിരുന്നു കരുതിയത്.
എന്നാൽ, പെട്ടൊന്നൊരിക്കൽ സിനിമയിൽ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ കൂട്ടുകാരെല്ലാം അതിശയിച്ചു. പിന്നീട് താൻ സിനിമയിലെത്തിയ കാലത്ത് ചെന്നൈയിൽ എന്ത് ആവശ്യങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം കൂടെ ഉണ്ടാകുമായിരുന്നു.
ധാരാളം സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും നിരവധി യാത്രകളിൽ ഒരുമിച്ചുണ്ടാവുകയും ചെയ്തു. അവിടെയെല്ലാം ഒരു ‘ഡിസിപ്ലിൻ’ സൂക്ഷിക്കുന്ന ആളും ഉപദേശിയും ആയിരുന്നു. പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ വേർപാടിൽ തനിക്ക് നഷ്ടപ്പെട്ടത് വഴികാട്ടിയേയും സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണെന്നും മുകേഷ് പറഞ്ഞു.
കുണ്ടറ: കുണ്ടറ ജോണിയുടെ മൃതദേഹം കടപ്പാക്കട സ്പോർട്സ് ക്ലബിലെ പൊതുദര്‍ശനത്തിനുശേഷം അദ്ദേഹം പ്രസിഡന്റായ കുണ്ടറ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ മൂന്നോടെ എത്തിച്ചു. സഹപാഠികളും സുഹൃത്തുക്കളുമടക്കം നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
കൊടിക്കുന്നില്‍ സുരേഷ് എം.പി, നടൻ സുരാജ് വെഞ്ഞാറമൂട്, ചിന്താ ജെറോം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവിമോഹന് എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. ജോണിയുടെ നിര്യാണത്തിൽ കർണാടയിലുള്ള പി.സി. വിഷ്ണുനാഥ് എം.എൽ.എ അനുശോചിച്ചു.
കുണ്ടറ ഫാസില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി, മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ആര്.എസ്. അരുണ്‍ബാബു, കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ആര്‍ട്ടിസ്റ്റ് മുളവന എന്‍.എസ്. മണി, കവി ശശിധരന് കുണ്ടറ, ആര്‍ട്ടിസ്റ്റ് ബൈജു പുനുക്കന്നൂര്‍, ഗിറ്റാറിസ്റ്റ് മുളവന കിഷോര്‍, ഫാസ് സെക്രട്ടറി പി.എം.എ. റഹ്മാന്, കുണ്ടറ പൗരസമിതി പ്രസിഡന്റ് കെ.ഒ. മാത്യു പണിക്കര്‍, സെക്രട്ടറി ശിവന് വേളിക്കാട്, അഡ്വ. ഷാനവാസ്ഖാന്, തേവാടി അനിയന് കുറുപ്പ്.
സതീഷ് വര്‍ഗീസ്, ജ്യോതിഷ്, ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള, വൈസ് പ്രസിഡന്റ് ജലജ ഗോപന്, വാര്‍ഡംഗം സി.എം. സെയ്ഫുദ്ദീന്‍, കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, യു.ഡി.എഫ് കുണ്ടറ നിയോജകമണ്ഡലം ചെയര്മാന് കുരീപ്പള്ളി സലിം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അനില്‍ ചെറുകുളത്ത് എന്നിവര്‍ സംസാരിച്ചു. ഫാസിലെ പൊതുദര്‍ശത്തിനു ശേഷം മൃതദേഹം കാഞ്ഞിരകോട്ടെ വസതിയിലേക്ക് കൊണ്ടുപോയി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.