കുണ്ടറ: മണ്ണ് കടത്തിയതോടെ കിടപ്പാടം നഷ്ടമാകുന്ന സ്ഥിതിയിൽ നിർധനകുടുംബം. കുണ്ടറ പഞ്ചായത്ത് അഞ്ചാം വാർഡ് പ്ലാച്ചിമുക്ക് മന്ദിരശ്ശേരിൽ ജോൺസണും ആൻസനയും മകനും മകളും അടങ്ങിയ കുടുംബമാണ് വഴിയാധാരമായത്. പഞ്ചായത്തിൽനിന്നുള്ള ധനസഹായത്തോടെ വാങ്ങിയ മൂന്ന് സെന്റിൽ കല്ലുവെച്ച്കെട്ടിയ രണ്ടുമുറി വീടിനു രണ്ട് വശവും 30 അടിയിലധികം താഴ്ചയിൽ മണ്ണെടുത്ത് മാഫിയ അപകട ത്തിലാക്കിയത്. പ്രതിഷേധത്തെ തുടർന്ന് കുടുംബത്തെ സർക്കാർ ഹോമിയോ ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റി പാർപ്പിച്ചു. ഇവരുടെ ദൈനം ദിന ചെലവുകൾ റവന്യൂ വകുപ്പ് ഏറ്റെടുത്തു.
മണ്ണെടുക്കാൻ ആരംഭിച്ചപ്പോൾ ഇവർ കുണ്ടറ പഞ്ചായത്ത്, കുണ്ടറ പൊലീസ്, മുളവന വില്ലേജ് ഓഫിസ്, കലക്ടർ, ജിയോളജി ഓഫിസർ എന്നിവർക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. സ്ഥലത്തെത്തിയ പൊലീസ്, മണ്ണെടുക്കുന്നവർക്ക് ജിയോളജി വകുപ്പിന്റെ പാസുള്ളതിനാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങി.
സ്ഥലം മാറിവന്നതാണെന്നും പഴയ പരാതിയെക്കുറിച്ച് ഒന്നും അറിയില്ലെന്നുമുള്ള മറുപടിയാണ് മുളവന വില്ലേജ് ഓഫിസറിൽനിന്ന് ഉണ്ടായത് എന്നും പരാതിയുണ്ട്. രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയിൽ വീടിനോട് ചേർന്നുള്ള കുന്നും ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. ആദ്യതവണ മണ്ണെടുത്തപ്പോൾതന്നെ ഇവർ ജിയോളജി ഓഫിസിലെത്തി അധികാരികളെ കണ്ടെങ്കിലും അവർ സ്ഥലം സന്ദർശിക്കാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.