പണ്ടുപണ്ട്, കൃത്യം പറഞ്ഞാൽ 50 കൊല്ലങ്ങൾക്ക് മുമ്പ് ഫ്ലാറ്റ് ജീവിതം എന്നത് കേട്ടുകേൾവിപോലും ഇല്ലാതിരുന്ന നാട്ടിൽ ഒരു ചുമരിനപ്പുറവും ഇപ്പുറവും ജീവിതം കെട്ടിപ്പടുത്തൊരു തലമുറയുണ്ടായിരുന്നു.
ഇല്ലായ്മകളുടെ കാലത്ത്, ജാതിമത ഭേദമന്യേ സഹവർത്തിത്വത്തിന്റെ ചരിത്രമെഴുതിയ തലമുറകൾ വസിച്ച ആ വീടുകളെ നാട് വിളിച്ചത് ലക്ഷംവീട് എന്ന പേരിലായിരുന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ തലക്ക് മുകളിൽ മേൽക്കൂര ഉറപ്പാക്കിയ ജനകീയ പദ്ധതിയിലൂടെ കേരളത്തിലെ ഭവനനിർമാണ രംഗത്ത് വിപ്ലവകരമായ ഏടായിമാറിയ ലക്ഷംവീട് ചരിത്രത്തിന് ഇത് സുവർണ ജൂബിലി വർഷമാണ്.
രണ്ട് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പറ്റുന്ന രീതിയിലാണ് ലക്ഷംവീടുകള്‍ യാഥാർഥ്യമാക്കിയത്. 250 ചതുരശ്രയടി വലുപ്പത്തിൽ ഒരു കുടുംബത്തിനായി ഒരുക്കിയ ഒരു വീടിന് 1250 മുതല്‍ 1500 രൂപവരെ ആയിരുന്നു ചെലവ്. കോളനികളിൽ രണ്ട് മുറിയും അടുക്കളയും ശുചിമുറിയുമുള്ള വീടുകള്‍ സൗജന്യമായാണ് അന്ന് സര്‍ക്കാര്‍ നല്‍കിയത്. ആ സൗജന്യതണലിൽ എത്ര മനുഷ്യരാണ് ജീവിതത്തിന്റെ പുതിയ പടവുകളിലേക്ക് ഈ അഞ്ച് പതിറ്റാണ്ടുകൾ കൊണ്ട് കയറിപ്പോയത്.
സുവർണ ജൂബിലി വർഷത്തിൽ ലക്ഷംവീടുകൾ തേടിയിറങ്ങിയാൽ പഴയരൂപത്തിലും ഭാവത്തിലും ഇപ്പോഴും നിലനിൽക്കുന്നത് വളരെച്ചുരുക്കമാണെന്ന് കാണാം. അങ്ങനെ നിലനിൽക്കുന്ന വീടുകളിൽ ഇന്ന് തളംകെട്ടിനിൽക്കുന്നത് ഇല്ലായ്മ മാത്രം. എന്നാൽ, ബഹുഭൂരിപക്ഷം ലക്ഷംവീടുകളും ഇന്ന് ലക്ഷങ്ങൾ വിലയുള്ള പുത്തൻവീടുകൾക്ക് വഴിമാറി. കോളനിയെന്ന പഴയ സംവിധാനത്തിൽ നിന്ന് മാറി, പുതിയ കാലത്തിന്റെ സാമ്പത്തിക വളർച്ചക്കൊപ്പം രൂപം മാറിയ വീടുകളാണ് പലയിടങ്ങളിലും. എങ്കിലും ചിലയിടങ്ങളിൽ അവശേഷിക്കുന്നുണ്ട്, സാമ്പത്തികമായി പിന്നിലായിപ്പോയ ജീവിതങ്ങൾക്ക് ഇപ്പോഴും തണലാകുന്ന ആ പഴയ ലക്ഷംവീടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.