കൊല്ലം: സീനിയർ അഭിഭാഷകനായ പനമ്പിൽ എസ്. ജയകുമാറിനെ കരുനാഗപ്പള്ളി സ്റ്റേഷനിൽ വിലങ്ങിട്ട് ലോക്കപ്പിൽ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോടതികൾ ബഹിഷ്കരിക്കാൻ കൊല്ലം ബാർ അസോസിയേഷന്റെ അടിയന്തര ജനറൽ ബോഡി യോഗം തീരുമാനിച്ചു. കഴിഞ്ഞ അഞ്ചിന് വൈകീട്ട് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ റോഡിൽ വാഹനം തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിച്ചാണ് ജയകുമാറിനെ കൈകൾ പിന്നിൽ ചേർത്ത് വിലങ്ങുവെച്ച് പൊലീസ് ക്രൂരമായി മർദിച്ചത്.
കുറ്റക്കാരായ പൊലീസുകാർക്കെതിരെ സിറ്റി പൊലീസ് കമീഷണർക്ക് നേരിട്ട് പരാതി സമർപ്പിച്ചിരുന്നു. നടപടിയുണ്ടാകുന്നതുവരെ അനിശ്ചിതകാല കോടതി ബഹിഷ്കരണ സമരം നടത്താനും തീരുമാനിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽ നിന്ന് മാറ്റി നിർത്തി നീതിപൂർവകമായ അന്വേഷണം നടത്തണമെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ബാർ അസോസിയേഷൻ പരാതി നൽകി. പൊലീസിന്റെ നടപടിക്കെതിരെ ഇടപെടുമെന്ന് കേരള ബാർ കൗൺസിൽ ചെയർമാൻ കെ.എൻ. അനിൽകുമാർ ഭാരവാഹികളെ അറിയിച്ചു. മർദനമേറ്റ അഭിഭാഷകന് ആവശ്യമായ ചെലവ് ബാർ അസോസിയേഷൻ വഹിക്കും.
പൊലീസ് അതിക്രമം മേലിൽ ആർക്കുമെതിരെയുണ്ടാകാതിരിക്കാൻ കൂടിയാണ് നിയമനടപടികൾ ആരംഭിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് ഓച്ചിറ എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. മനോജ്, ബാർ കൗൺസിൽ അംഗം പി. സജീവ് ബാബു, മരുത്തടി എസ്. നവാസ്, ആർ. രാജേന്ദ്രൻ, കെ.പി. സജിനാഥ്, ധീരജ് രവി, ജി. ഗോപകുമാർ, ടി.വൈ. നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.