കൊല്ലം: ജില്ലയിൽ നാല് പഞ്ചായത്ത് വാർഡുകളിൽ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫും യു.ഡി.എഫും രണ്ട് സീറ്റുകൾ വീതംനേടി. എൽ.ഡി.എഫ് ബി.ജെ.പിയിൽ നിന്ന് ഒരു സീറ്റ് പിടിച്ചെടുത്തപ്പോൾ യു.ഡി.എഫ് എസ്.ഡി.പി.ഐയിൽ നിന്നാണ് ഒരു സീറ്റ് പിടിച്ചെടുത്തത്. പോരുവഴി പഞ്ചായത്തിലെ 15ാം വാർഡ് മയ്യത്തുംകര, തഴവ പഞ്ചായത്തിലെ 18ാം വാർഡ് കടത്തൂർ കിഴക്ക്, ഉമ്മന്നൂരിലെ 20-ാം വാർഡ് വിലങ്ങറ, കൊറ്റങ്കരയിലെ എട്ടാം വാർഡ് വായനശാല എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പോരുവഴി മയ്യത്തുംകര 15-ാം വാർഡ് എസ്.ഡി.പി.ഐയിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ് പ്രതിനിധി എസ്. ഷീബയാണ് വിജയിച്ചത്. നിലവിലെ എസ്.ഡി.പി.ഐ അംഗം അൻസി നഴ്സായി ജോലികിട്ടി പോയതിനെത്തുടർന്നാണ് ഒഴിവുവന്നത്. മൽസരത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി രണ്ടാമതെത്തി. തഴവ പഞ്ചായത്ത് കടത്തൂർ 18-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി എം. മുകേഷ് വിജയിച്ചു. 249 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി രണ്ടാമതെത്തി.നിലവിലെ യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന എം. ബദറുദ്ദീൻ മരിച്ചതിനെത്തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
ഉമ്മന്നൂർ വിലങ്ങറ 20-ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ബി.ജെ.പിയിൽനിന്ന് വാർഡ് പിടിച്ചെടുത്തു. ഹരിത അനിൽ 69 വോട്ടന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായി സുലോചനയും ബി.ജെ.പിയിൽനിന്ന് രോഹിണിയുമാണ് മത്സരിച്ചത്. വിലങ്ങറയിൽ പഞ്ചായത്ത് അംഗം ബിജെപിയുടെ എം.ഉഷ രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
കൊറ്റങ്കര പഞ്ചായത്തിലെ എട്ടാം വാർഡ് വായനശാല എൽ.ഡി.എഫ് നിലനിർത്തി. എസ്. ശ്യാംകുമാർ 67 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥി റഹിംഖാൻ, ബി.ജെ.പിയിൽനിന്ന് ആർ. രവീന്ദ്രൻപിള്ള എന്നിവരാണ് മത്സരിച്ചത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എൽ.ഡി.എഫിലെ ദേവദാസ് മരിച്ചതിനെത്തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.