കൊട്ടാരക്കര: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ കൊട്ടാരക്കര മണ്ഡലത്തിലെ ഇടതുകേന്ദ്രങ്ങൾ മുന്നേറ്റം ഉണ്ടാക്കാൻ പരിശ്രമിക്കുമ്പോൾ, വിട്ടുകൊടുക്കാൻ ഒരുക്കമില്ലാതെ യു.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാർഥിയായ കൊടിക്കുന്നിൽ സുരേഷ് എട്ടാമത്തെ തവണയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇറങ്ങുന്നത്. യു.ഡി.എഫിന്റെ വർഷങ്ങളായുള്ള സിറ്റിങ് സീറ്റായ മാവേലിക്കരയിൽ ഇത്തവണ വിള്ളൽ വീഴ്ത്തി അധികാരം ഉറപ്പിക്കാനുള്ള പുറപ്പാടിലാണ് എൽ.ഡി.എഫ്. അതിനായിട്ടാണ് പുതിയ മുഖവും യുവാവുമായ സി.എ. അരുൺ കുമാറിനെ രംഗത്തിറക്കിയിരിക്കുന്നത്.
നിയമസഭ ചരിത്രത്തിൽ 1977 മുതൽ 2001 വരെ തുടർച്ചയായി ഏഴ് തവണ ആർ. ബാലകൃഷ്ണപിള്ള ജയിച്ച നിയമസഭ മണ്ഡലം 2006 മുതൽ സി.പി.എമ്മിന്റെ സ്വന്തമാണ്. 2006ൽ പി. ഐഷാപോറ്റി അട്ടിമറിയിലൂടെ പിടിച്ചെടുത്ത മണ്ഡലത്തിൽ 2011, 2016 വർഷങ്ങളിലും അവർക്കായിരുന്നു ജയം. 2021ൽ കെ.എൻ. ബാലഗോപാലിലും വലിയ വിജയം നേടി. എന്നാൽ, കൊട്ടാരക്കരയിലെ ഇടത് കോട്ടകൾ എപ്പോഴും ലോക്സഭ തെരഞ്ഞെടുപ്പിൽ മാത്രം യു.ഡി.എഫിന് ഒപ്പമായിരുന്നു. അടൂർ മണ്ഡലമായിരുന്ന കാലത്ത് 2004ൽ സി.പി.ഐയുടെ ചെങ്ങറ സുരേന്ദ്രനോട് കൊടിക്കുന്നിൽ സുരേഷ് പരാജയത്തിന്റെ കയ്പറിഞ്ഞപ്പോൾ 284 വോട്ടിന്റ ഭൂരിപക്ഷമാണ് ചെങ്ങറക്ക് കൊട്ടാരക്കരയിൽ ലഭിച്ചത്.
ചെങ്ങറ സുരേന്ദ്രന് കൊട്ടാരക്കര മണ്ഡലത്തിൽ 44590 വോട്ട് ലഭിച്ചു. കൊടിക്കുന്നിലിന് 44306 വോട്ടും ബി.ജെ.പിക്ക് 8110 വോട്ടുമാണ് ലഭിച്ചത്. 2008ൽ എസ്.സി റിസർവേഷൻ ലോക്സഭ മണ്ഡലമായ അടൂർ മാറി പുതിയ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ കൊട്ടാരക്കര നിയമസഭ മണ്ഡലം ഉൾപ്പെട്ടു. 2009ലെ മാവേലിക്കര ലോക്സഭ മണ്ഡത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ കൊടിക്കുന്നിൽ സുരേഷ് വിജയിച്ചപ്പോൾ കൊട്ടാരക്കര മണ്ഡലത്തിൽനിന്ന് 3591 ഭൂരിപക്ഷം നേടി. കൊടിക്കുന്നിൽ സുരേഷിന് 58514, എൽ.ഡി.എഫിന്റെ ആർ.എസ്. അനിലിന് 54923, ബി.ജെ.പിക്ക് 5682 വോട്ടുമാണ് അന്ന് കൊട്ടാരക്കരയിൽ ലഭിച്ചത്. 2014ൽ കൊട്ടാരക്കര കൊടിക്കുന്നിൽ സുരേഷിന് വീണ്ടും 4645 ഭൂരിപക്ഷം നൽകി. കൊടിക്കുന്നിലിന് 61444, എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 56799, ബി.ജെ.പിക്ക് 11785 വോട്ടും ലഭിച്ചു.
2019ൽ കൊടിക്കുന്നിൽ സുരേഷിന് സി.പി.ഐയുടെ ചിറ്റയം ഗോപകുമാറിനെതിരെ 2754 ഭൂരിപക്ഷമാണ് മണ്ഡലത്തിൽ നേടാനായത്. കൊടിക്കുന്നിൽ -62998, ചിറ്റയം -60244, എൻ.ഡി.എ -19091 എന്നതായിരുന്നു വോട്ട്നില. വീണ്ടും വിജയക്കൊടി പാറിക്കാനായി കൊടിക്കുന്നിൽ സുരേഷ് കളത്തിലിറങ്ങുമ്പോൾ ഇത്തവണ എളുപ്പമാവില്ലെന്നാണ് നിലവിലെ സ്ഥിതി. യുവാവിനെയും പുതിയ സ്ഥാനാർഥിയെയും പരിഗണിക്കുക വേണമെന്ന വോട്ടർമാരുടെ ചിന്ത പലരിലും ഉടലെടുക്കുമ്പോൾ യു.ഡി.എഫ് അതിനെ ഒറ്റക്കെട്ടായി നേരിടാനാണ് ശ്രമിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ വർഷങ്ങളായി കൊട്ടാരക്കരയിലെ പഞ്ചായത്തുകളായ കരീപ്ര, വെളിയം, കുളക്കട, എഴുകോൺ എന്നീ ഗ്രാമപഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പമാണ് ഇതുവരെയും നിന്നിട്ടുള്ളത്. അതുപോലെ മൈലം, ഉമ്മന്നൂർ, നെടുവത്തൂർ, കൊട്ടാരക്കര നഗരസഭ യു.ഡി.എഫിന് ഒപ്പവുമായിരുന്നു. എന്നാൽ ഇത്തവണ ഈ പഞ്ചായത്തുകളും നഗരസഭയും ആർക്കൊപ്പമെന്നത് പ്രവചനാതീതമാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി കൊടിക്കുന്നിൽ സുരേഷിനൊപ്പം നിൽക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ചില അടിയൊഴുക്കുകളും മാറ്റവും കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടെന്നത് രഹസ്യ ചർച്ചയാണ്.
എൽ.ഡി.എഫിന് അനുകൂല തരംഗമാകുമെന്ന് പറയുന്നുണ്ടെങ്കിലും വോട്ട് ചോർച്ചയും കെ.പി.എം.എസിന്റെയും ഈഴവ, നായർ വോട്ടും നിർണായകമാണ്. കൊട്ടാരക്കര മണ്ഡലത്തിൽ പുരുഷ വോട്ടർമാർ 93084, സ്ത്രീ വോട്ടർമാർ 104579, ട്രാൻസ്ജൻഡർ 2, ആകെ വോട്ടർമാർ 197655 എന്നിങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.