അഞ്ചൽ: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ്ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ കുത്തേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട കേസിലെ പ്രതികളിൽ ഒരാളെ ചടയമംഗലം പൊലീസ് അറസ്റ്റ്ചെയ്തു. ഇത്തിക്കര വയലിൽ പുത്തൻവീട്ടിൽ സുധിൻ (19) ആണ് അറസ്റ്റിലായത്.
ഈ മാസം 21-ാം തീയതി ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് ആയുർ-അഞ്ചൽ പാതയിൽ പെരുങ്ങള്ളൂർ കളപ്പിലാ ഭാഗത്ത് വച്ച് ഡ്രൈവർ കേരളപുരം അരുൺ നിവാസിൽ അജയൻ പിള്ള (64) കുത്തേറ്റ നിലയിൽ കാണപ്പെട്ടത്. ചടയമംഗലം പൊലീസെത്തി ഉടൻ തന്നെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.
കൊട്ടാരക്കര ഡി.വൈ.എസ്.പി ആർ. സുരേഷിൻ്റെ മേൽനോട്ടത്തിൽ ചടയമംഗലം, കടയ്ക്കൽ, എഴുകോൺ, പൂയപ്പള്ളി പൊലീസ് ഇൻസ്പെക്ടർമാരായ യഥാക്രമം വി.എസ് പ്രദീപ് കുമാർ, രാജേഷ്, ശിവപ്രകാശ്, ടി.രാജേഷ് കുമാർ, എസ്.ഐ രഞ്ജു ,സി.പി.ഒമാരായ അജയകുമാർ, രാധാകൃഷ്ണപിള്ള, ശിവശങ്കരപ്പിള്ള, അനിൽകുമാർ, സജി ജോൺ, ബിജോ, ലിജു വർഗീസ്, അജീഷ്, ഉല്ലാസ് എന്നിവരടങ്ങിയ പ്പെഷ്യൽ സ്ക്വോഡാണ് പ്രതിയെ പിടികൂടിയത്.
അടിപിടി സംഘങ്ങളെക്കുറിച്ചും, മൊബൈൽ പാടിച്ചുപറി സംഘങ്ങളെക്കുറിച്ചും പൊലീസ് സംഘം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമായത്. കൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ കൂടി ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.