കൊല്ലം: നഗരത്തിൽ കൊല്ലം ഈസ്റ്റ് പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ ലഹരി പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി കാപ്പപ്രതി ഉൾപ്പടെ രണ്ടുപേർ പിടിയിലായി. ഒരാഴ്ചക്കുള്ളിൽ ഡാൻസാഫ് സംഘത്തിന്റെ രണ്ടാമത്തെ എം.ഡി.എം.എ വേട്ടയാണിത്. വാളത്തുംഗൽ പെരുമനത്തൊടി സജീന മൻസിലിൽ അൽത്താഫ് (25), പള്ളിമുക്ക് തേജസ് നഗർ 157ൽ മുഹമ്മദ് അസലാം(23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയോടെ എം.ഡി.എം.എയുമായി ട്രെയിനിൽ ബംഗളൂരുവിൽനിന്ന് കൊല്ലത്ത് എത്തിയ സംഘത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജില്ല ഡാൻസാഫ് ടീമും ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലേക്ക് ലഹരി ഉൽപന്നങ്ങൾ എത്താനിടയുള്ളതിനാൽ കർശന പരിശോധനക്ക് സിറ്റി പൊലീസ് മേധാവി വിവേക് കുമാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായ പരിശോധനയിലാണ് ഇവർ പിടിയിലായത്. അൽത്താഫിൽ നിന്ന് 12 ഗ്രാം എം.ഡി.എം.എയും മുഹമ്മദ് അസലാമിൽനിന്ന് 15.5 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനാണ് എം.ഡി.എം.എ ഇവർ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. അൽത്താഫ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പനിയമപ്രകാരവും ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ മയക്കുമരുന്നുകൾ വിതരണം നടത്തുന്ന ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ഡാൻസാഫിന്റെ 9497980220 എന്ന നമ്പറിൽ ഫോൺകാളിലൂടെയോ വാട്സ്ആപ് സന്ദേശമായോ കൈമാറാം. ജില്ലയിലെ ആൻറി നാർകോട്ടിക് ചുമതല വഹിക്കുന്ന എ.സി.പി സക്കറിയ മാത്യുവിന്റെ മേൽനോട്ടത്തിലും എസ്.ഐ കണ്ണൻ പ്രകാശിന്റെ നേതൃത്വത്തിലുമുള്ള ഡാൻസാഫ് ടീം അംഗങ്ങളും കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.