കൊല്ലം: പുനലൂർ ഗവ. എൽ.പി.എസിന് സമീപം സഹപ്രവർത്തകനായ പാചകത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. 2016ൽ അടുക്കളമൂല സ്വദേശി ഗിരീഷ്കുമാറി (42) നെ കൊലപ്പെടുത്തിയ കേസിൽ വാളക്കോട് പ്ലാച്ചേരി ഇടക്കുന്നിൽവീട്ടിൽ പ്രേമാനന്ദിനെ (50) ആണ് കൊല്ലം നാലാം അഡീഷനൽ സെഷൻസ് ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്.
രണ്ടുലക്ഷം രൂപ പിഴ അടക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴയായി ഒടുക്കുന്ന തുക കൊല്ലപ്പെട്ട ഗിരീഷ്കുമാറിന്റെ ഭാര്യക്ക് നൽകണമെന്നും വിധിയിലുണ്ട്. കേസിൽ രണ്ടാം പ്രതിയായിരുന്ന പ്രേമാനന്ദന്റെ ഭാര്യയെ വെറുതെവിട്ടു.
കേസിലെ ഒന്നാം പ്രതിയായ പ്രേമാനന്ദനും കൊല്ലപ്പെട്ട ഗിരീഷ്കുമാറും പുനലൂരിലുള്ള ഹോട്ടലിലെ സഹതൊഴിലാളികളായിരുന്നു.
ഗിരീഷ്കുമാറിന് പ്രേമാനന്ദന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന കാരണത്തിൽ മുൻവിരോധമുണ്ടായിരുന്നു. തൊളിക്കോട് തിരുവാതിര ബിൽഡിങ്ങിലെ വാടകവീട്ടിൽ മദ്യപിക്കാൻ എത്തിയ ഗിരീഷ്കുമാറുമായി പ്രേമാനന്ദൻ വഴക്കുണ്ടാക്കുകയും വീട്ടിൽ െവച്ച് അയാളെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗിരീഷ്കുമാർ അബോധാവസ്ഥയിലായിട്ടും കുത്തേറ്റ വിവരം തിരക്കിയെത്തിയവരിൽനിന്ന് മറച്ചുവെക്കുകയും മുറിയിെലയും ഷർട്ടിെലയും രക്തം കഴുകിക്കളഞ്ഞ് തെളിവ് നശിപ്പിക്കാനും ശ്രമിച്ച കുറ്റമായിരുന്നു പ്രോസിക്യൂഷൻ ഭാര്യയായ രണ്ടാം പ്രതിക്കെതിരെ ആരോപിച്ചിരുന്നത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് രണ്ടാം പ്രതിയെ വെറുതെവിട്ടത്. പുനലൂർ ഇൻസ്പെക്ടർമാരായ സക്കറിയ മാത്യുവും ബിനു വർഗീസുമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര, ജസ്ലാ കബീർ, പ്രവീൺ അശോക് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ സഹായിയായി സി.പി.ഒ എം.പി. അജിത്തുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.