കൊല്ലം: സിറ്റി പൊലീസും മോട്ടോർവാഹനവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലോടുന്ന നിയമലംഘനം നടത്തിയ 33 സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.
അമിത വേഗം, തെറ്റായ ഓവർടേക്കിങ്, റോഡിന്റെ മധ്യഭാഗത്ത് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് നടപടി. ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ്, കൊല്ലം ട്രാഫിക് എന്നീ സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന. വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയിൽ 77 ബസുകളാണ് പരിശോധിച്ചത്.
കപ്പിത്താൻ ജങ്ഷൻ, മുളങ്കാടകം, കച്ചേരിമുക്ക്, ചിന്നക്കട ബസ്ബേ എന്നിവിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പമാണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങൾക്ക് മോട്ടോർവാഹന നിയമ പ്രകാരം നടപടികൾ സ്വീകരിച്ചു. നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കുന്നതിന് വേണ്ടി സിറ്റി പൊലീസ് മേധാവി ടി. നാരായണനാണ് മോട്ടോർവാഹന വകുപ്പിന്റെ സഹകരണത്തോടെ പരിശോധന സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും വിവിധ റൂട്ടുകൾ കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി വാഹനപരിശോധന തുടരുമെന്നും പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു.
കൊല്ലം എ.സി.പി. ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ യു. ബിജു, ബി. ഷെഫീക്ക്, ആർ. രതീഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.എൽ. സതീഷ്, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ആർ. റെജി, സബ് ഇൻസ്പെക്ടർമാരായ ശ്യാം, ഐ.ബി. ആര്യ, രാജശേഖരൻപിള്ള, ഷഹാലുദ്ദീൻ, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.