കൊല്ലം: മങ്ങാട് മേഖലയിലെ ജനങ്ങളുടെ ആശങ്കക്ക് പരിഹാരമായി അടിപ്പാത വരുമെന്ന് ദേശീയപാത അതോറിറ്റി അധികൃതരുടെ ഉറപ്പ്. കോർപറേഷനിൽ നടന്ന യോഗത്തിൽ എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ പി. പ്രദീപ് ഇക്കാര്യം അറിയിക്കുകയായിരുന്നു. മേയർ പ്രസന്ന ഏണസ്റ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മങ്ങാട്, കുരീപ്പുഴ എന്നിവിടങ്ങളിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യമുയർത്തി കോർപറേഷൻ കൗൺസിൽ കഴിഞ്ഞ ജനുവരി 30ന് പ്രമേയം പാസാക്കിയിരുന്നു. കുരീപ്പുഴയിൽ അടിപ്പാത നിർമിക്കുന്നതിൽ ഉറപ്പ് ലഭിച്ചിട്ടും മങ്ങാടിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ആവശ്യമുയർത്തി ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധമുൾപ്പെടെ നടത്തിയിരുന്നു.
ചർച്ചക്ക് ശേഷം മേയർ ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ഗീതാകുമാരി, എസ്. ജയൻ, ജി. ഉദയകുമാർ, ഹണി, സൂപ്രണ്ടിങ് എൻജിനീയർ എം.എസ്. ലത, എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്, ശിവാലയ കമ്പനിയുടെ പ്രതിനിധി എന്നിവർ നിർദിഷ്ട അടിപ്പാത സ്ഥലം സന്ദർശിച്ചു.
തുടർചർച്ചക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മേയർ അറിയിച്ചു. മങ്ങാട് ജങ്ഷനിൽ അടിപ്പാതയുടെ കാര്യം പരിഗണിക്കാമെന്ന ഉറപ്പുലഭിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും അറിയിച്ചു. ദേശീയപാത അധികൃതരുമായി എം.പിയും ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.