കൊല്ലം: നാടൊഴുകി നിറഞ്ഞ വേദികളിൽ മൂന്ന് നാൾ ഓടിയെത്തിയ നവകേരള സദസ്സിന് ജില്ലയിൽ പരിസമാപ്തി.സംസ്ഥാന സർക്കാർ നയങ്ങളും വികസനപ്രവർത്തനങ്ങളും വിശദമാക്കിയും കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കാട്ടുന്ന അനീതികൾക്കെതിരെ ആഞ്ഞടിച്ചും പ്രതിപക്ഷപ്രവർത്തനങ്ങളെ കുറ്റപ്പെടുത്തിയും ഗവർണർക്ക് നേരെ ചുട്ട മറുപടികൾ തൊടുത്തുവിട്ടും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും 11 വേദികളിൽ ആവേശം നിറക്കുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജില്ല സാക്ഷിയായത്.
ആദ്യദിനം കിഴക്കൻമേഖലയിൽ കൊട്ടാരക്കരയിലെ പ്രഭാതസദസ്സോടെ ആരംഭിച്ച പര്യടനം പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, കുന്നത്തൂർ മണ്ഡലങ്ങളുടെ മനസ്സിലൂടെയാണ് കടന്നുപോയത്. രണ്ടാം ദിനത്തിൽ കൊല്ലത്ത് നടന്ന പ്രഭാതയോഗവും സമൂഹത്തിലെ വിഭിന്ന മേഖലകളിലെ വ്യക്തിത്വങ്ങളെ മന്ത്രിസഭക്ക് മുന്നിൽ അണിനിരത്തി. തുടർന്ന് കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിൽ നടന്ന സദസ്സുകളും ആവേശമായി. അവസാനദിനം ഇരവിപുരം മണ്ഡലത്തിൽ ആരംഭിച്ച് ചടയമംഗലം, ചാത്തന്നൂർ സദസ്സുകൾ പിന്നിട്ടതോടെ ജില്ലയിലെ പര്യടനം പൂർത്തിയായി. സദസ്സ് സംഘടിപ്പിച്ച വേദികളിൽ ജനം നിറഞ്ഞെത്തിയതുകൂടാതെ വഴിയോരങ്ങളിലും ആവേശപൂർവമായിരുന്നു സ്വീകരണം.
അതേസമയം, യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രതിഷേധങ്ങൾ കൊണ്ടും ഡി.വൈ.എഫ്.ഐ ‘രക്ഷാപ്രവർത്തനം’ കൊണ്ടും സംഭവബഹുലമായിരുന്നു മൂന്നുദിനവും. പാരിപ്പള്ളിയിൽ അതിർത്തി പിന്നിട്ട് തിരുവനന്തപുരത്തേക്ക് കടക്കുന്ന അവസാന നിമിഷം വരെയും പ്രതിഷേധസ്വരങ്ങൾ നവകേരള സംഘത്തെ പിന്തുടർന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം മുന്നേറുമ്പോൾതന്നെ ആളുകൾ കൊഴിഞ്ഞുപോയതും ചിലവേദികളിലെ കാഴ്ചയായെങ്കിലും ആവേശത്തിന് ഒരു കുറവുമുണ്ടാകാത്ത സ്വീകരണവും യാത്രയയപ്പുമാണ് ജില്ല സദസ്സിന് കാത്തുെവച്ചത്.
നവകേരള സദസ്സിന്റെ കൊല്ലം ജില്ലയിലെ പര്യടനം അവസാനിച്ചപ്പോൾ ആകെ ലഭിച്ചത് 50,938 നിവേദനങ്ങള്‍. ആദ്യദിന വേദികളായ പത്തനാപുരം-3634, പുനലൂര്‍-4089, കൊട്ടാരക്കര-3675, കുന്നത്തൂര്‍-5454 എന്നിങ്ങനെയും രണ്ടാംദിന വേദികളായ കരുനാഗപ്പള്ളി-7768, ചവറ-5049, കുണ്ടറ-4857, കൊല്ലം-3627 നിവേദനങ്ങളും ലഭിച്ചു. ജില്ലയിലെ സദസ്സിന്റെ അവസാനദിവസ വേദികളായ ഇരവിപുരം-4105, ചടയമംഗലം-4526, ചാത്തന്നൂര്‍-4154 നിവേദനങ്ങളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.