കൊല്ലം: നീണ്ടകര താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി. നീണ്ടകര പരിമണത്ത് വിജയ് ഭവനത്തിൽ വിഷ്ണു (29- പാച്ചു), നീണ്ടകര പി.വി ഭവനത്തിൽ അഖിൽ (29), നീണ്ടകര വടക്കേമുരിക്കിനാൽ വീട്ടിൽ രതീഷ് (38) എന്നിവരാണ് കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
19ന് രാത്രി വിഷ്ണുവിന്റെ മാതാവ് ഉഷയെ ശ്വാസതടസ്സംമൂലം ആശുപത്രിയിൽ ചികിത്സക്കെത്തിച്ചിരുന്നു. ചികിത്സാ താമസം നേരിട്ടെന്ന പേരിൽ അന്നുതന്നെ വിഷ്ണുവും ബന്ധുക്കളും ആശുപത്രി ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് പിറ്റേന്ന് ആശുപത്രി ജീവനക്കാർ ഇത് സംബന്ധിച്ച് ചവറ പൊലീസിൽ പരാതി നൽകി. ചവറ പൊലീസ് അന്വേഷണം നടത്തുകയും പ്രശ്നം ഉണ്ടാക്കിയത് വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞ് വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പൊലീസ് വീട്ടിലെത്തിയതിന്റെ വിരോധത്തിൽ അന്നേദിവസം രാത്രി 10ഓടെ ഇയാളുടെ സുഹൃത്തുക്കളായ അഖിലിനെയും രതീഷിനെയും കൂട്ടി ആശുപത്രിയിലെത്തി അക്രമം നടത്തുകയായിരുന്നു. ജീവനക്കാരെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയും ഫാർമസി തല്ലിത്തകർക്കുകയും മരുന്നുകൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് മൂവർ സംഘം ഒളിവിൽ പോകുകയായിരുന്നു.
കൊല്ലം സിറ്റി പൊലീസ് മേധാവി ടി. നാരായണന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെയും സ്പെഷൽ ബ്രാഞ്ച് എ.സി.പി കെ. അശോകകുമാറിന്റെയും നേതൃത്വത്തിൽ ഇന്റലിജൻസ്, ഇൻവെസ്റ്റിഗേഷൻ, സൈബർ വിഭാഗങ്ങളെ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതികളെ മൈലക്കാടുള്ള ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്.
ചവറ ഇൻസ്പെക്ടർ നിസാമുദീൻ, എസ്.ഐമാരായ ആർ. ജയകുമാർ, ജിബി, നൗഫൽ, നജീബ്, എ.എസ്.ഐ ബെജു പി. ജറോം, എസ്.സി.പി.ഒ സജു, സീനു, മനു, രിപു, രതീഷ്, സി.പി.ഒ നെൽസൺ, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.