പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ പുനലൂരിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബൈപാസിന്റെ അലൈൻമെൻറ് നിശ്ചയിച്ചു. ദേശീയപാതയിൽ ചെമ്മന്തൂരിൽനിന്ന് തുടങ്ങി തൊളിക്കോട് മലയോര ഹൈവേക്ക് സമാന്തരമായി ദേശീയപാതയിൽ ഇടമൺ 34ൽ ചേരുന്ന ബൈപാസ് 11.5 കിലോമീറ്റർ നീളംവരും. 250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. തൊളിക്കോട്ട് ഫ്ലൈഓവറും കല്ലടയാറിന് കുറുകെ പുതിയ പാലം നിർമിച്ചാണ് ബൈപാസ് യാഥാർഥ്യമാക്കുന്നത്.
ബൈപാസിന്റെ സാധ്യത പഠനത്തിനും അലൈൻമെൻറ് നിശ്ചയിക്കുന്നതിനും സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് റോഡ്സ്, ഡിസൈൻ, ബ്രിഡ്ജസ് വിഭാഗം മേധാവികൾ വ്യാഴാഴ്ച പുനലൂരിലെത്തി ബന്ധപ്പെട്ട പ്രദേശം സന്ദർശിച്ചു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നിലവിലെ അലൈൻമെന്റുമായി ബന്ധപ്പെട്ട പ്രദേശങ്ങളുടെ വിവരങ്ങൾ വിശദീകരിച്ചു.
ദേശീയപാതയിൽ ചെമ്മന്തൂർ ബി.എസ്.ആർ ജങ്ഷനിൽനിന്ന് ആരംഭിച്ച് തൊളിക്കോട് മലയോര ഹൈവേക്ക് സാമാന്തരമായി ഫ്ലൈഓവർ നിർമിച്ച് കല്ലട ആറിന് കുറുകെ പാലം നിർമിച്ച് ചെങ്കുളം വഴി ഇടമൺ34 ജങ്ഷനിൽനിന്ന് 500 മീറ്റർ മാറി ആയിരനെല്ലൂർ പാലത്തിന് സമീപമായി ഏരൂർ-ഇടമൺ റോഡിൽ അവസാനിക്കുന്ന നിലയിലാണ് ഇപ്പോഴത്തെ അലൈൻമെന്റ്.
24 മീറ്ററിൽ നാലുവരിപ്പാതയായിട്ടാണ് നിലവിൽ നിർമിക്കുക. ഏകദേശം 250 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിനും പദ്ധതിയുടെ നിർവഹണത്തിനുമായി വേണ്ടിവരുന്നത്. പരമാവധി ജനവാസമേഖലകളെ ഒഴിവാക്കിയാണ് അലൈൻമെന്റ് തയാറാക്കിയിട്ടുള്ളതെന്ന് പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. ഇപ്പോഴത്തെ അലൈൻമെന്റ് പ്രകാരം ഏകദേശം 11.5 കിലോമീറ്റർ ദൂരം വരും.
അലൈൻമെന്റ് നിശ്ചയിച്ചുകഴിഞ്ഞാൽ ഇൻവെസ്റ്റിഗേഷനും സർവേയും എസ്റ്റിമേറ്റും തയാറാക്കി ഭരണാനുമതിക്കായുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പദ്ധതി യാഥാർഥ്യമാക്കുമെന്നും എം.എൽ.എ അറിയിച്ചു.
അവലോകനയോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ബി. സുജാത, വൈസ് ചെയർമാൻ ഡി. ദിനേശൻ, കൗൺസിലർമാരായ വി.പി. ഉണ്ണികൃഷ്ണൻ, സോണി, നഗരസഭ മുൻ ചെയർമാൻ എം.എ. രാജഗോപാൽ, മുൻ വൈസ് ചെയർമാൻ എസ്. ബിജു, പൊതുമരാമത്ത് എക്സി.എൻജിനീയർമാരായ കെന്നത്ത്, ഡില്ലി, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.