കൊല്ലം: ‘നിപ’ പശ്ചാത്തലത്തിൽ ജാഗ്രത നിർദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. കോവിഡ് പോലെ വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗമല്ല നിപ. എങ്കിലും വ്യക്തിഗത സുരക്ഷ മാർഗങ്ങൾ രോഗം പകരാതെ സംരക്ഷണം നൽകും. പഴംതീനി വവ്വാലുകളാണ് നിപ രോഗം കൂടുതൽ പരത്തുന്നത് എന്നതുകൊണ്ട് അവയുടെ ആവാസ കേന്ദ്രങ്ങളിൽചെന്ന് ഭയപ്പെടുത്താനോ ഓടിക്കാനോ നശിപ്പിക്കാനോ ശ്രമിക്കരുത്.
വവ്വാലുകളെ ഉപദ്രവിക്കുന്നതിലൂടെ അവയിൽ വൈറസുകൾ പെരുകാനും ശരീരസ്രവങ്ങളിലൂടെ പുറത്തുവരാനുള്ള സാധ്യതയും കൂടും. വവ്വാൽ കടിച്ചുപേക്ഷിച്ചതാവാൻ സാധ്യതയുള്ള പഴങ്ങൾ തൊടുകയോ കഴിക്കുകയോ ചെയ്യരുത്. അത്തരം പഴങ്ങൾ വളർത്തുമൃഗങ്ങൾക്കും നൽകരുത്. വവ്വാലുകൾ കൂട്ടമായി പാർക്കുന്ന മരത്തണലുകളിൽ വളർത്തുമൃഗങ്ങളെ കെട്ടാതിരിക്കാൻ ശ്രദ്ധിക്കണം.
ഉപേക്ഷിക്കപ്പെട്ട കിണറുകൾ വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളാണ്. അവയിൽ ഇറങ്ങുകയോ വെള്ളം കോരുകയോ ചെയ്യരുത്. വിസർജ്യങ്ങളോ സ്രവങ്ങളോ പുരണ്ട പ്രതലങ്ങളുമായി സമ്പർക്കം വന്നാൽ ആ ഭാഗം സോപ്പുപയോഗിച്ച് നന്നായി കഴുകണം. അപൂർവമായി പന്നികളും രോഗ വാഹകരാകുന്നുണ്ട്. വവ്വാലിൽ നിന്നാണ് പന്നികളിലേക്ക് രോഗം പകരുക. പന്നികളിലെ കടുത്ത ചുമ പ്രധാന രോഗലക്ഷണമാണ്.
നാഡീവ്യൂഹത്തെയും ബാധിക്കുമെന്നതിനാൽ വിറയൽ, അപസ്മാര സമാനമായ ലക്ഷണങ്ങൾ, പക്ഷാഘാതം എന്നിവയും കാണാം. പന്നിക്കുട്ടികളിലാണ് മരണം ഏറുന്നത്. ജില്ലയിലെ പന്നിഫാം ഉടമകൾക്കും വന മേഖലയോട് ചേർന്നുകിടക്കുന്ന കുരിയോട്ടുമല ഹൈടെക് ഫാം, ആയൂർ തോട്ടത്തറ ഹാച്ചറി, മറ്റ് സ്വകാര്യ ഫാമുകൾ എന്നിവിടങ്ങളിൽ പരമാവധി ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും തൊഴിലാളികളും ഉടമകളും മാസ്കും കൈയുറകളും ധരിക്കാനും വ്യക്തിശുചിത്വം പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
അസ്വാഭാവിക മരണങ്ങൾ പന്നികളിലും മറ്റ് മൃഗങ്ങളിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള മൃഗാശുപത്രികളുമായി ബന്ധപ്പെടണമെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഡി. ഷൈൻകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.