കൊല്ലം: അറുപതുകഴിഞ്ഞാൽ മണ്ണെണ്ണ സബ്സിഡിയില്ല. മണ്ണെണ്ണ സബ്സിഡി പെർമിറ്റ് നൽകാൻ വേണ്ടിയുള്ള ഔട്ട്ബോർഡ് എൻജിൻ മത്സ്യബന്ധന വള്ളങ്ങളുടെ കണക്കെടുപ്പിനായി അധികൃതർ മുന്നോട്ടുെവക്കുന്ന നിബന്ധനയാണിത്. മത്സ്യബന്ധന മേഖലയിൽ 75 ശതമാനത്തോളം പേരും 60 വയസ്സിന് മുകളിലുള്ളവരാണെന്നിരിക്കെ ഈ നിബന്ധന തൊഴിലാളികളെ പരിഗണിക്കാതെയുള്ളതാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇത് മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്കക്കും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുകയാണ്. മണ്ണെണ്ണ സബ്സിഡി ലഭിക്കാൻ ഈ പെർമിറ്റ് നിർബന്ധമാണ്. പ്രായത്തിന്റെ നിബന്ധന നടപ്പിലാക്കിയാൽ കൊല്ലം ജില്ലയിലെ 70 ശതമാനത്തോളം വള്ളം ഉടമകളും പെർമിറ്റിന് പുറത്താകും.
ലൈസൻസ്, രജിസ്ട്രേഷൻ നടപടികൾ ഉൾപ്പെടെ എല്ലാ രേഖകളും ശരിയാക്കി കാത്തിരുന്ന ബോട്ട് ഉടമകളെ വിഷമത്തിലാക്കിയാണ് നിബന്ധനകൾ പുറത്തുവന്നത്. കണക്കെടുപ്പിനെ സംബന്ധിച്ച് മത്സ്യത്തൊഴിലാളികളുമായി കലക്ടർ ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചയിലൊന്നും പറയാത്ത ഏകപക്ഷീയ നിബന്ധനകളാണ് ഇവയെന്നും ആരോപണമുണ്ട്. 10 വർഷത്തിന് മുകളിൽ കാലപ്പഴക്കമുള്ള എൻജിനുകൾക്ക് പെർമിറ്റ് ലഭിക്കില്ല എന്ന നിബന്ധന തന്നെ ആയിരക്കണക്കിന് വള്ളക്കാരെ കുഴക്കുമ്പോഴാണ് പ്രായത്തിലും പിടിയിടുന്നത്. 2015 മുതൽ മുടങ്ങിക്കിടന്ന കണക്കെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. സിവിൽ സപ്ലൈസ്, ഫിഷറീസ്, മത്സ്യഫെഡ് സംയുക്തമായി 16ന് സംസ്ഥാനത്ത് എല്ലായിടുത്തുമായി നടത്തുന്ന കണക്കെടുപ്പിൽ ഒരാൾക്ക് രണ്ട് എൻജിന് വരെയാണ് പെർമിറ്റ് ലഭിക്കുക. മണ്ണെണ്ണ ലോബിക്കാർക്ക് തിരിച്ചടിയാകുമെങ്കിലും രേഖകൾ എല്ലാം കൃത്യമാക്കിയ തങ്ങൾക്ക് പെർമിറ്റ് ലഭിക്കുന്നതിന് തടസ്സമൊന്നുമുണ്ടാകില്ലെന്ന് ആശ്വസിച്ച് കണക്കെടുപ്പിനായി കാത്തിരിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികൾ.
നിലവിൽ സബ്സിഡി മണ്ണെണ്ണ പേരിന് മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. പ്രതിമാസം 1500 ലിറ്റർ മണ്ണെണ്ണ വരെ ആവശ്യമായ സ്ഥാനത്ത് 100 ലിറ്ററും അതിൽ താഴെയുമാണ് സബ്സിഡി ഇനത്തിൽ കിട്ടുന്നത്.
അതിനൊപ്പം പ്രായത്തിന്റെയും മറ്റും പേരിൽ പെർമിറ്റ് കൂടി റദ്ദാക്കി തങ്ങളുടെ വയറ്റത്തടിക്കാൻ ശ്രമിച്ചാൽ കനത്ത പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് മത്സ്യത്തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.