കൊല്ലം: വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍….വാര്‍ത്തകള്‍ കഴിഞ്ഞു -സുഷമ. ഒരു കാലഘട്ടത്തിന്റെ വാർത്താ ശബ്ദങ്ങൾ കൊല്ലം ശ്രീനാരായണ വനിത കോളജില്‍ പുനര്‍ജനിച്ചു. 'റേഡിയോ പ്രക്ഷേപണവും മലയാളഭാഷയും' സംവാദ സദസ്സിലാണ് ആകാശവാണി മുൻ അവതാരകരായ സുഷമയും എം. രാമചന്ദ്രനും ഗൃഹാതുരമായ ശബ്ദത്തിൽ വാര്‍ത്ത അവതരിപ്പിച്ചത്.
ആകാശവാണി മുതല്‍ എഫ്.എം സ്റ്റേഷനുകള്‍ വരെയുള്ള കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയ സംവാദ സദസ്സ് കവിയും മലയാള മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് മലയാളം മിഷന്റെയും കൊല്ലം എസ്.എന്‍ വനിത കോളജിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മരണം മലയാളികളിലേക്കെത്തിച്ച ഓര്‍മ എം. രാമചന്ദ്രന്‍ പങ്കിട്ടു. യുവവാണിയുടെ ആവേശകാലവും മലയാളിത്തമുള്ള പരിപാടികളുടെ അവതരണവും സുഷമ സദസ്സിന് പകര്‍ന്നുനല്‍കി. എസ്.എന്‍ വനിത കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ഇന്‍ഫര്‍മേഷന്‍സ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷനല്‍ ഡയറക്ടർ സലിന്‍ മാങ്കുഴി, ഡെപ്യൂട്ടി ഡയറക്ടര്‍ നാഫി മുഹമ്മദ്, അധ്യാപിക ഡോ. ഡി.ആര്‍. വിദ്യ, റേഡിയോ മലയാളം മേധാവി ജേക്കബ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. രാമചന്ദ്രനെയും സുഷമയെയും പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.