കിളികൊല്ലൂർ: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക ഭാഗമായുള്ള ഹർ ഘർ തിരംഗയുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്നുള്ള നിർദേശം ഏറ്റെടുത്ത ജനം പതാകക്കായി ഓട്ടത്തിൽ. സാധാരണക്കാർക്ക് ഉയർത്താൻ പതാകകൾ കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു കഴിഞ്ഞദിവസങ്ങളിൽ. 3:2 അനുപാതത്തിലുള്ള ഖാദി കൊടികൾക്കായിരുന്നു ആദ്യം ക്ഷാമമെങ്കിലും ഞായറാഴ്ച ആയതോടെ ഒരു അളവിലുമുള്ള പതാകകളും ലഭിക്കാതായി. കഴിഞ്ഞയാഴ്ച വരെ പതാകകൾ വാങ്ങുന്നവരുടെ എണ്ണം നന്നേ കുറവായിരുന്നു.
വെള്ളി, ശനി, ഞായറുമായിട്ടാണ് പതാക വാങ്ങാനെത്തിയവരുടെ എണ്ണം വർധിച്ചത്. നഗരത്തിലെ പല കടകളിലും തപാൽ ഓഫിസുകളിലും രാവിലെ മുതൽ പതാക അന്വേഷിച്ച് ആളുകൾ എത്തിയെങ്കിലും നൽകാൻ പതാകയില്ലാത്ത അവസ്ഥയായി. തപാൽ ഓഫിസുകളിൽ സൂപ്രണ്ട് ഓഫിസ് വഴിയാണ് മറ്റിടങ്ങളിലേക്ക് വിൽക്കാൻ പതാകകൾ 25 രൂപ നിരക്കിൽ നൽകിയിരുന്നത്. പതിവിൽനിന്ന് വിപരീതമായി തപാേലാഫിസുകളിലും ആവശ്യക്കാരേറിയതിനെ തുടർന്ന് തപാൽ സൂപ്രണ്ട് ഓഫിസുകളിൽനിന്ന് പതാക സ്വന്തം തപാേലാഫിസുകളിലേക്ക് കൊണ്ടുപോകാൻ ജീവനക്കാരുടെ മത്സരവും പ്രകടമായിരുന്നു.
മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പോലും ഇതുമൂലം പതാക ലഭിക്കാതായതോടെ ജീവനക്കാർക്ക് ലഭിച്ച പതാകകൾ വരെ ബുക്ക് ചെയ്തവർക്ക് നൽകേണ്ടിവന്നു. ആവശ്യക്കാരെത്തിയപ്പോൾ പതാകകൾ കിട്ടാത്ത അവസ്ഥയായെന്ന് കൊല്ലത്തെ പ്രമുഖ കൊടിക്കട വ്യാപാരിയായ സുൽഫി പറഞ്ഞു. അളവനുസരിച്ച് 25 മുതൽ 400 രൂപ വരെയായിരുന്നു വില. ഡൽഹി, സൂറത്ത് എന്നിവിടങ്ങളിൽനിന്നാണ് തുണി ഒഴികെയുള്ള പതാകകൾ വരുന്നത്.
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട മറ്റ് അലങ്കാരവസ്തുക്കളും കിട്ടാനില്ലാത്ത സ്ഥിതിയായി. ഇവ ചൈനയിൽ നിന്നെത്തിയവയായിരുന്നെന്നും ഇവക്കും നല്ല ഡിമാന്‍റായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളും ദേശീയപതാകയുടെ ക്ഷാമത്തിൽ വലഞ്ഞു. കുടുംബശ്രീയിൽനിന്ന് സ്കൂളുകളിലേക്ക് ദേശീയപതാക നൽകുമെന്നറിയിച്ചിരുന്നെങ്കിലും വേണ്ടത്ര അളവിലുള്ള പതാകകൾ നിർമിക്കാൻ സാധിച്ചിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.