ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ പ്രസിദ്ധമായ 28 - ാം ഓണ കെട്ടുത്സവത്തിന്റെ മുന്നോടിയായുള്ള അവലോകനയോഗം സബ് കലക്ടർ നിഷാന്ത് ഷിഹാരയുടെ അധ്യക്ഷതയിൽ നടത്തി. 12 ന് നടക്കുന്ന കെട്ടുത്സവത്തിൽ പങ്കെടുക്കുന്ന കാളകെട്ട് സമിതികൾ നിർബന്ധമായും മൂന്നിന് വൈകീട്ട് അഞ്ചിനു മുമ്പ് ക്ഷേത്ര ഭരണ സമിതി ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യണം. ക്ഷേത്ര ഭരണ സമിതി മുൻകൂട്ടി നൽകുന്ന ക്രമനമ്പർ ക്രമത്തിലായിരിക്കണം പടനിലത്ത് കെട്ടുകാളകളെ അണിനിരത്തേണ്ടത്.
കെട്ടുകാളയോടൊപ്പം വലിയ ശബ്ദത്തോടുകൂടിയ ഡി.ജെ, തുണി, പേപ്പർ എന്നിവ പറത്തികൊണ്ടുള്ള പരിപാടികൾ അനുവദിക്കില്ല. കെട്ടുകാളകൾക്കൊപ്പം അഗ്നിശമന യന്ത്രം ഉണ്ടായിരിക്കണം. കാളകെട്ടുസമിതി പ്രവർത്തകർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിച്ചിരിക്കണം.
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയപാത ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് വേണ്ട ക്രമീകരണങ്ങൾ വരുത്തണം. കെട്ടുകാളകൾ കടന്നുപോകുന്നതിന് പിന്നാലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ വൈദ്യുത വകുപ്പ് നടപടി സ്ഥീകരിക്കണം തുടങ്ങിയ തീരുമാനങ്ങളാണ് യോഗം എടുത്തത്.
കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന, കൊല്ലം സ്പെഷൽ ബ്രാഞ്ച് എ.സി.പി പ്രദീപ് കുമാർ, ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥൻ, ട്രഷറർ പ്രകാശൻ വലിയഴീയ്ക്കൽ, രക്ഷാധികാരി എം.സി. അനിൽകുമാർ, കെ.പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.