കൊല്ലം: നഗരത്തിൽ റോഡരികിലെ കൂറ്റൻ മരം ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ വീണ് ഒരാൾക്ക് പരിക്ക്. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. കൊല്ലം ആനന്ദവല്ലീശ്വരത്ത് ജില്ല ജയിലിന് സമീപം റോഡരികിൽ നിന്ന ആൽമരമാണ് റോഡിൽ ഒടിഞ്ഞുവീണത്. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. റോഡിലൂടെ പോയ കാറിലും ഓട്ടോറിക്ഷയിലും രണ്ട് ഇരുചക്രവാഹനത്തിലുമായാണ് ശിഖരം വീണത്. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കാവനാട് സ്വദേശി രാജന്(52) ആണ് പരിക്കേറ്റത്. നട്ടെല്ലിന് പരിക്കേറ്റ രാജനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് കൂടിയാണ് ശിഖരം വീണത്. വൻ ശബ്ദവും തീപ്പൊരിയുമുണ്ടായി. കാറും ഓട്ടോറിക്ഷയും ഭാഗികമായി തകർന്നു. മതിലിൽ സ്വദേശി നോമി ഐസക്കും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവർ വാഹനം പെട്ടെന്ന് നിർത്തി. ജയൻ രാജൻ എന്നയാളുടെ ഓട്ടോറിക്ഷയാണ് മരത്തിനടിയിൽപെട്ടത്. ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു.
സംഭവസമയത്ത് മഴയോ കാറ്റോ ഉണ്ടായിരുന്നില്ല. ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ കുതിര്ന്നിരുന്ന ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. മരം വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ചാമക്കടയിൽ നിന്നെത്തിയ അഗ്നിരക്ഷ സേന യൂനിറ്റ് അംഗങ്ങൾ മണിക്കൂറോളം പരിശ്രമിച്ചാണ് റോഡിൽ നിന്ന് മരം മുറിച്ച് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.