കൊല്ലം: ജില്ലയിൽ ഓൺലൈൻ സാമ്പത്തികതട്ടിപ്പുകൾ ദിനേന വർധിക്കുന്നു. വിദ്യാ സമ്പന്നരാണ് ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നവരധികവും. ഓൺലൈൻവഴി തുക ഇരട്ടിപ്പിച്ച് നൽകാമെന്ന പേരിലെ തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പൊലീസ്.
വാട്സ്ആപ്പിലൂടെയാണ് ജില്ലയിലെ അധികം തട്ടിപ്പുകളും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് തട്ടിപ്പുകളുടെ എണ്ണവും തുകയും കൂടി. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനുസമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ സ്ക്രീന്‍ ഷെയറിങ് മാര്‍ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്.
വാട്സ്ആപ്പിലും ഇ-മെയിലിലും മറ്റും ലഭിക്കുന്ന പ്രോലോഭനകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ അപകടകരമായ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ആവും. അതിലൂടെ ഉപയോക്താവിന് ലഭിക്കുന്ന ഒ.ടി.പി അടക്കമുള്ള വിവരങ്ങൾ ചോർത്തപ്പെടും. സ്പാം കാളുകൾ, വാട്സ്ആപ് കാളുകൾ എന്നിവക്കെതിരെ പൊതുജനം ജാഗ്രതപുലർത്തണമെന്ന് പൊലീസ് അറിയിച്ചു. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണം. ആദ്യ ഒരുമണിക്കൂറിനുള്ളിൽ ഇങ്ങനെചെയ്താൽ പണം തിരിച്ചുകിട്ടാനുള്ള സാധ്യത കൂടുതലാണ്.
കണ്ണനല്ലൂർ: ഡോളറിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതികളിലൊരാൾ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായി. വിവിധ കമ്പനികളുടെ സ്റ്റോക്ക് പർച്ചേസ് ചെയ്യുന്നതിന് ഇന്ത്യൻ കറൻസിക്ക് ആനുപാതികമായി യു.എസ് ഡോളർ അയച്ചുനൽകാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് 71,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ‘യു.എസ്.ഡി.പി ബൈ ആൻഡ് സെൽ’ എന്ന വാട്സ്ആപ് ഗ്രൂപ്പിലേക്ക് പരാതിക്കാരനെ ആഡ് ചെയ്താണ് തട്ടിപ്പ് നടത്തിയത്.
പണം അയച്ചുനൽകിയശേഷം ഡോളറോ അതിന്റെ ലാഭമോ ലഭിച്ചില്ല. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിൽ മലപ്പുറം വാളാഞ്ചേരി കൂളത്തുവീട്ടിൽ സുബിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ണനല്ലൂർ ഇൻസ്പെക്ടർ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് ഹുസൈൻ, വിഷ്ണുരാജ്, ഷാനവാസ്, പ്രജീഷ് എന്നിവരാണ് പ്രതിയെ മലപ്പുറത്തുനിന്ന് പ്രതിയെ പിടികൂടിയത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കണ്ണനല്ലൂർ: ഓൺലൈൻ ട്രേഡിങ് ബിസിനസിന്റെ പേരിൽ 21 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. അംഗീകൃത ഓൺലൈൻ ട്രേഡിങ് കമ്പനിയാണെന്ന വ്യാജേന കണ്ണനല്ലൂർ സ്വദേശിയായ പരാതിക്കാരനുമായി പ്രതികൾ വാട്സ്ആപ് മെസഞ്ചർ വഴി ചാറ്റ് ചെയ്താണ് തട്ടിപ്പ് നടത്തിയത്. കേസിൽ കാസർകോട് വിദ്യാനഗർ അഷ്റഫ് മൻസിലിൽ മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് കാസർകോടുനിന്ന് പിടികൂടിയത്. കേസിൽ നേരത്തേ അജ്മൽ സുഫൈൽ എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. നിക്ഷേപത്തിന് കൂടുതൽ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് പരാതിക്കാരനെ ഓൺലൈൻ സാമ്പത്തികതട്ടിപ്പിന് ഇരയാക്കിയത്.
വ്യാജ സൈറ്റുകൾ വഴിയുള്ള ചതിക്കുഴിയാണെന്ന് അറിയാതെ പരാതിക്കാരൻ പല ഘട്ടങ്ങളിലായാണ് നിക്ഷേപിച്ചത്. തുടർന്ന് പണം ലഭിക്കാതെ തട്ടിപ്പാണെന്ന് മനസ്സിലായ പരാതിക്കാരൻ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് ഹുസൈൻ, വിഷ്ണുരാജ്, ഷാനവാസ്, പ്രജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.