കൊല്ലം: ശൗര്യമില്ലാതെയും പത്തിവിടർത്താതെയും ഉഗ്ര മൂർഖൻമാർ ഓപറേഷൻ ടേബിളിൽ കിടന്നു. മയക്കുമരുന്നുകളുടെ സുഖാലസ്യത്തിൽ കിടന്ന സർപ്പങ്ങളുടെ കുടൽമാലയുൾപ്പെടെ ഉള്ളിലാക്കി ഡോക്ടർമാർ തുന്നിച്ചേർത്തു.
പുത്തൂർ കളത്തിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റുന്നതിനിടയിലാണ് മാളത്തിൽ ഇണയായി പാർത്ത മൂർഖൻമാർക്ക് മുറിവേറ്റത്. വനംവകുപ്പിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ വിവരമറിയിച്ചതനുസരിച്ച് ഇവയെ പുത്തൂരിൽ നിന്ന് പ്രത്യേക വാഹനത്തിൽ ജില്ല വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു ആറടിയോളം നീളമുള്ള സർപ്പങ്ങൾ. ഉടൻതന്നെ മയക്കുമരുന്നുകൾ നൽകി ശസ്ത്രക്രിയ വിഭാഗത്തിൽ പ്രവേശിപ്പിച്ച മൂർഖന്മാരെ ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പൂർവസ്ഥിതിയിലാക്കി. ആന്റിബയോട്ടിക്കും അനുബന്ധ മരുന്നുകളും നൽകുന്നുണ്ട്.
മുറിവ് ഉണങ്ങി ആരോഗ്യം വീണ്ടെടുക്കുന്നതോടെ പാമ്പുകളെ ശെന്തരുണി വന്യജീവി സങ്കേതത്തിൽ സ്വതന്ത്രമാക്കുമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ വൈ. അൻവർ പറഞ്ഞു. ജില്ല മൃഗാശുപത്രി മേധാവി ഡോ.ഡി. ഷൈൻകുമാറിന്റെ നിർദേശപ്രകാരം വെറ്ററിനറി സർജൻമാരായ ഡോ. സജയ് കുമാർ, ഡോ. സേതുലക്ഷ്മി എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ഡെപ്യൂട്ടി റേഞ്ചർ കെ.എസ്. സേതുമാധവൻ, ജീവനക്കാരായ ബിജുമോൻ, അജിത് മുരളി, ഷിബു എന്നിവരുൾപ്പെട്ട സംഘമാണ് സർപ്പങ്ങളെ പി.വി.സി കുഴലുകളിലാക്കി നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.