പാരിപ്പള്ളി: കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് പാരിപ്പള്ളിയിൽ നടത്തിയ വാഹനപരിശോധനക്കിടയിൽ 14 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കഞ്ചാവുമായി കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ യാത്രചെയ്യുമ്പോഴാണ് കൊല്ലത്തെ മൊത്തവിതരണക്കാരനും സഹായികളും പിടിയിലായത്.
കൊല്ലം ഈസ്റ്റ് ചിന്നക്കട മുറിയിൽ അനിൽകുമാർ (57), കരുനാഗപ്പള്ളി നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് (52), കൊല്ലം വടക്കേവിള പട്ടത്താനം അഖിലേഷ് നിവാസിൽ ദർശന നഗർ -182 ആകാംശ് (41) എന്നിവരാണ് പിടിയിലായത്.
കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിൽനിന്ന് കഞ്ചാവ് വാങ്ങി ചെന്നൈ വഴി തിരുവനന്തപുരത്തെത്തി കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ കൊല്ലത്തേക്ക് വരുമ്പോഴാണ് ഇവർ പിടിയിലാകുന്നത്.
അനിൽകുമാർ, സുരേഷ് എന്നിവർ നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതികളാണ്. കൊല്ലത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയാണ് അനിൽകുമാർ. ആന്ധ്രയിൽനിന്ന് ഒരു കിലോക്ക് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 15000 രൂപക്കാണ് ഇവർ വിൽപന നടത്തുന്നത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് ഈമാസം പിടികൂടുന്ന പന്ത്രണ്ടാമത്തെ മയക്കുമരുന്ന് കേസാണിത്. ഈ കേസുകളിൽ 22 കിലോ കഞ്ചാവ്, ഏഴ് ഗ്രാം എം.ഡി.എം.എ, രണ്ട് കഞ്ചാവ് ചെടികൾ, നൈട്രൊസെപാം ഗുളികകൾ, രണ്ട് കാറുകൾ, ഒരു സ്കൂട്ടർ എന്നിവ പിടിച്ചെടുക്കുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ അന്തർസംസ്ഥാന ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമീഷണർ വി. റോബർട്ട് അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം. മനോജ് ലാൽ, പ്രിവന്റീവ് ഓഫിസർ പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്ത്, നിധിൻ, ജൂലിയൻ ക്രൂസ്, അജീഷ്ബാബു, അനീഷ്, സൂരജ്, ഗോപകുമാർ, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.