പത്തനാപുരം: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി നമ്പർ പ്ലേറ്റില്ലാതെ ഓടിച്ച കാർ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. തിങ്കളാഴ്ച ഉച്ചക്ക് പത്തനാപുരം മഞ്ചള്ളൂര്‍ കുണ്ടയത്തുവെച്ചാണ് വാഹനം പിടികൂടിയത്. കഴിഞ്ഞ നാലിന് കൊല്ലം മേവറത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം ഉമയനല്ലൂരിൽ മറ്റൊരു വാഹനത്തിൽ തട്ടി അപകടവും സൃഷ്ടിച്ചിരുന്നു.
ഇതേതുടർന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബിജുവിന്റെ നിർദ്ദേശപ്രകാരം പുനലൂർ പത്തനാപുരം സ്ക്വാഡാണ് വാഹനം പിടികൂടിയത്. നമ്പർ പ്ലേറ്റിനു പകരം ബൂമർ എന്നെഴുതിയ ബോർഡ് മാത്രമാണ് ഉണ്ടായിരുന്നത്. പൂർണമായും രൂപം, നിറം എന്നിവയില്‍ മാറ്റം വരുത്തുകയും വലിയ ശബ്ദത്തോടുകൂടിയുള്ള സൈലൻസർ ഘടിപ്പിക്കുകയും നിയമവിരുദ്ധമായി സണ്‍ഫിലിം ഒട്ടിക്കുകയും ചെയ്തതായി എൻഫോഴ്സ്മെന്റ് സംഘം കണ്ടെത്തി.
മലപ്പുറം സ്വദേശി മുഹമ്മദ് റോഷന്റെ പേരിലാണ് നിലവിൽ കാര്‍. എന്നാൽ, ഈ വാഹനം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാങ്ങിയതായി ഉദ്യോഗസ്ഥർ പറയുന്നു. ആർ.സി രേഖകൾ ഇതുവരെയും മാറ്റിയിട്ടില്ല. വാഹനം പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
കോടതി നിർദ്ദേശപ്രകാരം വാഹനത്തിന്റെ ആർ.സി റദ്ദാക്കാൻ ആർ.ടി.ഒക്ക് പരിശോധനസംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനുപുറമേ വാഹനം ഓടിച്ച കൊട്ടാരക്കര സ്വദേശി അശ്വിൻ ബാബുവിന്റെ ലൈസൻസ് റദ്ദ് ചെയ്യും. രൂപമാറ്റം വരുത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് 42,000 രൂപ പിഴയും ഈടാക്കി. എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടർമാരായ ബിജോയ്, മഞ്ചു, ഡ്രൈവര്‍ ഡാനി എന്നിവര്‍ ചേര്‍ന്നാണ് വാഹനം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.