പത്തനാപുരം: ജീവനക്കാരോ, 24 മണിക്കൂര്‍ സേവനമോ ഇല്ല, കിഴക്കന്‍ മേഖലയില്‍ മഞ്ഞപിത്തവും പകർച്ചവ്യാധിയും പടരുന്ന സാഹചര്യത്തിലും പത്തനാപുരം താലൂക്ക് ആശുപത്രി പ്രവർത്തനം അവതാളത്തിൽ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, സ്ഥിരം സമിതി അധ്യക്ഷൻ സി. വിജയൻ എന്നിവർ ആരോഗ്യവകുപ്പ് മന്ത്രിയെയും ജില്ല മെഡിക്കല്‍ ഓഫിസറെയും നേരിൽകണ്ട് പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. ഡോക്ടറെ ഉടൻ നിയമിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. പ്രതിദിനം നൂറുകണക്കിന് രോഗികളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്.
പകർച്ചപ്പനിയും മറ്റും പടരുന്ന സമയത്ത് ആശുപത്രിയിൽ 24മണിക്കൂർ സേവനം നിലച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷം ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധിച്ചിരുന്നു. നിലവിലുണ്ടായിരുന്ന ഡോക്ടർമാരിൽ രണ്ടുപേർ അവധിയെടുക്കുകയും ഒരാളെ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തതോടെയാണ് പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായത്. മിക്ക ദിവസവും ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്.
മറ്റ് ജീവനക്കാരുടെ എണ്ണവും കുറവാണ്. ആധുനിക രീതിയിലുള്ള പരിശോധനകൾക്കായി ഉപകരണങ്ങൾ വാങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും രോഗികൾക്ക് മിക്കപരിശോധനകളും സ്വകാര്യ ആശുപത്രികളെയോ ക്ലിനിക്കൽ ലാബുകളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.