കൊല്ലം: നഗരഹൃദയത്തിൽ പൊലീസ് നടത്തിയ ലഹരിവേട്ടയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. തിരുവനന്തപുരം പുളിമാത്ത് മഞ്ഞപ്പാറ തടത്തരികത്ത് വീട്ടിൽ സെബിൻ ഫിലിപ്പ് (22) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ലോഡ്ജിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ഇയാൾ തട്ടിക്കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചിരുന്ന 17 വയസ്സുകാരിയായ പെൺകുട്ടിയേയും ലോഡ്ജിൽ കണ്ടെത്തി. യുവാവിന്റെ കൈവശമുണ്ടായിരുന്ന ബാഗ് വിശദമായി പരിശോധിച്ചതിൽ 6.391 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയിൽ നിന്ന് പൊലീസ് വിവരം ശേഖരിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷകർത്താക്കളുടെ അനുവാദം കൂടാതെ തട്ടിക്കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിലും പരിസര പ്രദേശങ്ങളിലും വിൽപന നടത്തുന്നതിനായി ബംഗളൂരുവിൽ നിന്നും എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത്.
സിറ്റി പൊലീസ് കമീഷണർ ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇയാൾ ജില്ല ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ മേൽനോട്ടത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാർ, എസ്.ഐമാരായ സുമേഷ്, ജോയ്, സവിരാജ്, സി.പി.ഒമാരായ വിനോദ്, ആദർശ്, ദീപക്, ഷഫീക്ക് എന്നിവരും ഡാൻസാഫ് എസ്.ഐ രാജേഷ്, ഗ്രേഡ് എസ്.ഐമാരായ ബൈജു പി. ജെറോം, ഹരിലാൽ, എസ്.സി.പി.ഒമാരായ സജു, സീനു, മനു, ജോജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.