കുന്നിക്കോട്: വൈദ്യുതി ബില്ലിന്റെ തുക പൂര്‍ണമായും നാണയങ്ങളായി നല്കി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം. തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പൊറുതിമുട്ടിയാണ് തലവൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാലുംമൂട് വാര്‍ഡ് അംഗം സി. രഞ്ജിത് വേറിട്ട പ്രതിഷേധം നടത്തിയത്. പട്ടാഴി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പ്രദേശമാണ് തലവൂര്‍.
ഒരു ദിവസം ഇരുപതോളം തവണയാണ് വൈദ്യുതി മുടങ്ങുന്നത്. നിരവധി തവണ പരാതി പറഞ്ഞെങ്കിലും പരിഹാരം ഇല്ലാതെ വന്നതോടെയാണ് പ്രതിഷേധിച്ചത്. രഞ്ജിത് പ്രതിനിധാനം ചെയ്യുന്ന വാർഡിലെ ഒമ്പത് ഗുണഭോക്താക്കളുടെ വൈദ്യുതി ബിൽ തുകയായ എണ്ണായിരത്തോളം രൂപ നാണയത്തുട്ടുകളാക്കി ചാക്കിൽ ചുമന്നുകൊണ്ടുവന്നാണ് ബിൽ അടക്കാൻ കെ.എസ്.ഇ.ബി അധികൃതർക്ക് നൽകിയത്.
ബില്ലിങ് സെക്ഷനിലെ ജീവനക്കാർ ആദ്യം പരിഭ്രമിച്ചെങ്കിലും പണം സ്വീകരിച്ചു. ഏറെ സമയമെടുത്താണ് ഒന്ന്, രണ്ട്, അഞ്ച്, 10 രൂപ വീതമുള്ള നാണയത്തുട്ടുകൾ ജീവനക്കാർ ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയത്. 3250 മുതൽ 950 രൂപ വരെയുള്ള വിവിധ ബില്ലുകൾ കൂട്ടത്തിലുണ്ടായിരുന്നു. വൈദ്യുതി വിച്ഛേദിക്കാതിരിക്കാനുള്ള തീയതി 12ന് അവസാനിക്കാനിരിക്കെയാണ് തിങ്കളാഴ്ച രഞ്ജിത്ത് പണച്ചാക്കുമായി എത്തി ജീവനക്കാരെ ഞെട്ടിച്ചത്.
വൈദ്യുതി മുടക്കം തുടർന്നാൽ വാർഡിലെ ഭൂരിഭാഗം ഗുണഭോക്താക്കളുടെയും ബില്ലടക്കാൻ അടുത്ത തവണയും ഇത്തരത്തിൽ നാണയത്തുട്ടുകളുമായി എത്തുമെന്ന് വാർഡംഗം മുന്നറിയിപ്പ് നൽകി. വ്യക്തിപരമായി ആർക്കും ബുദ്ധിമുട്ടുണ്ടാക്കാൻ അല്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കെ.എസ്.ഇ.ബിക്കുള്ള ഓർമപ്പെടുത്തലാണെന്നും രഞ്ജിത് പറഞ്ഞു. മുമ്പും ഇത്തരം സമരരീതികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള നാൽക്കവലയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ തലയിൽ സിഗ്നൽ ലൈറ്റ് ചുമന്നും ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ കഴിയാത്ത പഞ്ചായത്ത് ഓഫിസിൽ വീൽചെയറിൽ എത്തിയും രഞ്ജിത് സമരം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.