പുനലൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പുനലൂർ നഗരസഭയിൽ വസ്തുനികുതി കുടിശ്ശികയായി പിരിഞ്ഞുകിട്ടാനുള്ളത് മൂന്ന് കോടിയിലധികം രൂപ. ഇതിൽ സർക്കാർ ഓഫിസുകളുടെ കുടിശ്ശിക മാത്രം 24 ലക്ഷം രൂപ വരും. തുക പിരിച്ചെടുക്കാൻ കലക്ടറുടെ അനുമതിയോടെ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നഗരസഭ അധികൃതർ ചൊവ്വാഴ്ച വിവിധ സർക്കാർ ഓഫിസുകളിലെത്തി ഡിമാന്റ് നോട്ടീസ് കൈമാറി.
2016 മുതൽ വസ്തുനികുതിയായി പൊതുമരാമത്ത് കെട്ടിടം വിഭാഗം 15 ലക്ഷം രൂപ കുടിശ്ശിക വരുത്തി. താലൂക്കോഫിസ് നാല് ലക്ഷം രൂപ ഡിവൈ.എസ്.പി, സി.ഐ ഓഫീസുകൾ, കെ.ഐ.പി ഓഫിസുകൾ ചേർന്ന് 24 ലക്ഷം രൂപയുടെ നികുതി കുടിശ്ശിക വരുത്തി. നിരവധി തവണ ഔദ്യോഗിക തലത്തിൽ നോട്ടീസ് നൽകിയെങ്കിലും നാളിതു വരെ അടച്ചിട്ടില്ല. ഈ വിവരം നഗരസഭ ഫൈനാൻസ് കമ്മിറ്റി കൂടി കലക്ടർക്ക് പരാതി നൽകി.
തുക ഇടാക്കാൻ റവന്യൂ റിക്കവറി നടപടി സ്വീകരിക്കാൻ നഗരസഭക്ക് കലക്ടർ ഉത്തരവ് നൽകി. അത് നടപ്പാക്കാൻ ചൊവ്വാഴ്ച നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാമിന്റെ നേതൃത്വത്തിൽ വൈസ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, മരാമത്ത് സമിതി അധ്യക്ഷൻ ഡി. ദിനേശൻ, ഫൈനാൻസ് കമ്മിറ്റി അംഗം എസ്. പൊടിയൻ പിള്ള എന്നിവർ ചേർന്ന് കുടിശ്ശിക വരുത്തിയ സ്ഥാപന മേധാവികളെ കണ്ട് നടപടിക്കുള്ള കത്ത് കൈമാറി.
നഗരസഭയിലെ ഡിമാൻഡ് രജിസ്റ്റർ അനുസരിച്ച് മൂന്നുകോടിയിലധികം കുടിശ്ശിക പിരിഞ്ഞു കിട്ടാനുണ്ട്.
അവ പിരിച്ചെടുക്കുന്നതിനുള്ള ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്. വർഷങ്ങളായി കുടിശ്ശിക ഈടാക്കാൻ റവന്യൂ റിക്കവറി നടപടികൾ തുടങ്ങിയതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.