പുനലൂർ: നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിനോദസഞ്ചാര കേന്ദ്രമായ പുനലൂർ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. സംസ്ഥാന പുരാവസ്തു വകുപ്പ് 26.88 ലക്ഷം രൂപ അനുവദിച്ച് കരാർ നൽകി. ബുധനാഴ്ച മുതൽ നവീകരണം ആരംഭിച്ചു.
തൂക്കുപാലത്തിന്റെ ചങ്ങലകളിലെയടക്കം തുരുമ്പ് നീക്കി മുന്തിയ ഇനം പെയിന്റിങ്, ദ്രവിച്ച ലോഹ ഭാഗങ്ങളുടെ സംരക്ഷണം, പാലത്തിന്റെ പ്രതലത്തിലുള്ള കമ്പകതടികളുടെ സംരക്ഷണത്തിന് കശുവണ്ടി തോട് ഓയിൽ, ദ്രവിച്ച കമ്പികളുടെ പുനഃസ്ഥാപനം, പാലത്തിന്റെ കമാനങ്ങളിലെ പാഴ്മരങ്ങൾ നീക്കി വൃത്തിയാക്കൽ, പാലത്തിനടിയിൽ കല്ലടയാറ്റിലേക്ക് ഇറങ്ങുന്ന ഭാഗത്ത് റിട്ടേൺ ഭിത്തി നിർമാണം, വടക്കുവശത്തെ പാർശ്വഭിത്തിയുടെ പുനർനിർമാണം, അടിസ്ഥാന വൈദ്യുതീകരണ പ്രവൃത്തികൾ എന്നിവയാണ് നവീകരണത്തിലുള്ളത്. പാർശ്വഭിത്തി പുനർനിർമാണം തുടങ്ങി. കൂടുതൽ ഇരിപ്പിടങ്ങളും സജ്ജീകരിക്കും.
സംരക്ഷിത സ്മാരകമായ തൂക്കുപാലം സംരക്ഷിക്കണമെന്ന് പി.എസ്. സുപാൽ എം.എൽ.എ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരോടും ഡി.ടി.പി.സി അധികൃതരോടും മുമ്പ് ആവശ്യപ്പെട്ടിരുന്നു. അധികൃതർ തയാറാക്കിയ നവീകരണപദ്ധതി മന്ത്രിക്ക് എം.എൽ.എ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.