കൊല്ലം: എത്ര വിശ്വസ്തനായ വളര്‍ത്തുമൃഗത്തിന്റെ കടിയോ പോറലോ മുറിവോ പോലും നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിഭാഗം. നായ്ക്കള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും അവയെ ഭയപ്പെടുത്തുകയോ ദേഷ്യപ്പെടുത്തുകയോ ചെയ്താല്‍ കടിക്കാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മൃഗങ്ങള്‍ ഭക്ഷണം കഴിക്കുക, കൂടിനുള്ളില്‍ അടക്കപ്പെടുക, ഉറങ്ങുക, രോഗാവസ്ഥയിലാകുക, കുഞ്ഞുങ്ങളോടൊപ്പം കാണുക എന്നീ സന്ദര്‍ഭങ്ങളില്‍ ശല്യപ്പെടുത്തുന്നത് ആക്രമണത്തിനിടയാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്ന് അകലം പാലിക്കണം. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
പേവിഷബാധയേറ്റാല്‍ മരണം സുനിശ്ചിതമാണ്. അതുകൊണ്ട് നായ്, പൂച്ച പോലുള്ള മൃഗങ്ങളിൽനിന്ന് കടിയോ മാന്തലോ പോറലോ ഏറ്റാല്‍ പ്രതിരോധകുത്തിവയ്പ് എടുക്കേണ്ടത് അനിവാര്യമാണ്. പേവിഷബാധക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവെപ്പാണ് നല്‍കുന്നത്. 0, 3, 7, 28 ദിവസങ്ങളില്‍ ആണ് കുത്തിവയ്പ് എടുക്കേണ്ടത്. മുറിവിന്റെ സ്വഭാവമനുസരിച്ച് ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവെപ്പും നല്‍കാറുണ്ട്.
പേവിഷബാധ പ്രതിരോധത്തിനായുള്ള ഐ.ഡി.ആര്.വി കുത്തിവെപ്പ് ജില്ലയിലെ എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപ്രതികളിലും പാരിപ്പള്ളി മെഡിക്കല്‍ കോളജിലും ആര്യങ്കാവ്, തഴവ, തെന്മല, അച്ചന്‍കോവില്‍, പാരിപ്പള്ളി, ശൂരനാട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മുണ്ടയ്ക്കല്‍, ഉളിയക്കോവില്‍, പുനലൂര്‍ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഗുരുതരമായി കടിയേറ്റവര്‍ക്കുള്ള ഇമ്മ്യൂണോഗ്ലോബുലിന്‍ ജില്ല ആശുപത്രി, കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികള്‍, പാരിപ്പളളി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.
ജീവന് രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ അവശ്യ മരുന്നുകളും ജില്ലയില്‍ സ്റ്റോക്കുണ്ട്. കൂടാതെ രോഗചികിത്സ, കുത്തിവയ്പ്പ്, ജീവിതശൈലീ രോഗങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് ആവശ്യമായ മരുന്നുകളും നിലവില്‍ സുലഭമാണ്.
-കെ.എസ്. ഷിനു, ജില്ല മെഡിക്കല്‍ ഓഫിസര്‍
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്ത് നക്കുക എന്നിവക്ക് കുത്തിവയ്പ് നല്‍കേണ്ടതില്ല. സ്പര്ശമേറ്റടുത്ത് സോപ്പും ധാരാളം വെള്ളവുമുപയോഗിച്ച് കഴുകണം.
തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍. പ്രതിരോധ കുത്തിവെപ്പ് എടുക്കണം. ഐ.ഡി.ആര്.വി മാത്രം.
രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്തെ നക്കല്‍, ചുണ്ടിലോ വായിലോ നക്കല്‍, വന്യമൃഗങ്ങളുടെ കടി ഇവക്ക് ഐ.ഡി. ആര്.വിയും ഇമ്മ്യൂണോഗ്ലോബുലിനും എടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.