കൊല്ലം: ലോക്സഭ മണ്ഡലത്തിലെ പ്രധാന റെയിൽ ലെവല്‍ ക്രോസുകള്‍ എല്ലാം മാറ്റി തല്‍സ്ഥാനത്ത് മേൽപാലങ്ങള് നിര്‍മിക്കാന്‍ നടപടിയായി. റെയില്‍വേ മേൽപാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
കല്ലുംതാഴം, എസ്.എന്‍ കോളജ് ജങ്ഷന്, പോളയത്തോട്, കൂട്ടിക്കട, ഒല്ലാല്‍, മയ്യനാട് ലെവല്‍ ക്രോസുകള്‍ക്ക് പകരം മേൽപാലം നിര്‍മിക്കാന്‍ അനുമതി നല്കി. നിര്‍മാണ പ്രവൃത്തിയുടെ ജനറല്‍ അലൈന്മെന്റ് ഡ്രോയിങ് (ജി.എ.ഡി) സംസ്ഥാന സര്‍ക്കാര്‍ തയാറാക്കി റെയിൽവേയുടെ അനുമതി ലഭ്യമാക്കി ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കുമ്പോഴാണ് നിര്‍മാണ പ്രവൃത്തി ആരംഭിക്കുക. ഇതില്‍ കല്ലുംതാഴം, എസ്.എന്‍. കോളജ് ജങ്ഷന്, പോളയത്തോട്, കൂട്ടിക്കട എന്നീ മേൽപാലങ്ങളുടെ ജി.എ.ഡിക്ക് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.
മയ്യനാട് ഒഴികെയുള്ള മേല്പാലങ്ങളുടെ നിര്‍മാണച്ചെലവ് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ തുല്യമായി പങ്കിടും.
നടപടികള്‍ പൂര്‍ത്തിയായാല്‍ റെയിൽവേ നിര്‍മാണം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി.
കുണ്ടറ, പള്ളിമുക്ക് മേല്‍പാലത്തിന് റെയിൽവേ അനുമതി നല്‍കിയിട്ട് ഒരു ദശാബ്ദമായി. സംസ്ഥാന സര്‍ക്കാര്‍ യഥാസമയം നടപടി സ്വീകരിക്കാത്തതിനാല്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രവൃത്തിക്കായി ഒരേസമയം വിവിധ എജന്‍സികളെ നിയോഗിക്കുകയും ഒന്നിലേറെ ഭരണാനുമതി നല്‍കുകയും ചെയ്തതിനാല്‍ ഒരു എജന്‍സിക്കും നടപടിയുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത വണ്ണം ഭരണപരമായും സാങ്കേതികമായും പ്രതിസന്ധി ഉണ്ടായിരിക്കുകയാണെന്നും എം.പി പറഞ്ഞു.
ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം സി.എ.ഒ ഷാജി സക്കറിയ, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. ചന്ദ്രു പ്രകാശ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് കേരള പ്രോജക്ട് എൻജിനീയര്‍ വി.എ. മുഹമ്മദ് അള്‍ത്താഫ്, കിറ്റ്കോ സീനിയര്‍ കണ്‍സൽട്ടന്റ് എച്ച്. ബാമ, എക്സിക്യുട്ടിവ് എൻജിനീയര്‍ റെയിൽവേ എസ്. ഷണ്മുഖം, കെ.ആര്.എഫ്.ബി എക്സിക്യുട്ടിവ് എൻജിനീയര്‍ ഷൈനി എസ്. ബാബു, ദേശീയപാത അതോറിറ്റി ഡെപ്യൂട്ടി പ്രോജക്ട് മാനേജര്‍ കെ.വി. കൃഷ്ണന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.