കൊല്ലം: മതേതര ജങ്ഷനിൽ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾ അകപ്പെട്ടെന്ന വിവരമറിഞ്ഞതോടെ വലിയ ജനക്കൂട്ടമാണ് ഇവിടേക്ക് എത്തിയത്. രണ്ടുപേർ മണ്ണിനടിയിൽപെട്ടെന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. സമീപവാസികളായ സ്ത്രീകളടക്കമുള്ളവർ ആശങ്കകളും പ്രാർഥനകളുമായി അപകടം നടന്ന ഫ്ലാറ്റിന് സമീപത്തേക്കെത്തി. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും രക്ഷാപ്രവർത്തനത്തിൽ നാട്ടുകാർ ഒന്നടക്കം പങ്കാളികളായി.
കിണറ്റിനുള്ളിൽ മണ്ണിൽ പുതഞ്ഞ നിലയിലായിരുന്ന വിനോദിനെ എങ്ങനെയും രക്ഷപ്പെടുത്താനുള്ള എല്ലാ ഒരുക്കവും ഞൊടിയിടയിലാണ് നടത്തിയത്. എക്സ്കവേറ്ററുകളും മണ്ണ് നീക്കാനുള്ള മറ്റ് സംവിധാനങ്ങളും ഉടൻ സജ്ജമാക്കി. കിണറിനോട് ചേർന്ന മതിൽ ഇടിയാതെയും കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാതെയും ജാഗ്രതയോടെയുള്ള പ്രവർത്തനമായിരുന്നു പിന്നീട് നടന്നത്. അഗ്നിശമനസേനാ ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങി വിനോദിന് ധൈര്യം പകർന്നു.
ക്ഷമയോടെ കാത്തിരിക്കാനും എങ്ങനെയും സുരക്ഷിതമായി മുകളിലെത്തിക്കുമെന്നും അഗ്നിശമന ഉദ്യോഗസ്ഥർ അറിയിച്ചു. കുടിവെള്ളവും നൽകിക്കൊണ്ടിരുന്നു. കഴുത്തിന് താഴെ മണ്ണ് മൂടി ചലിക്കാനാകാത്ത നിലയിലായിരുന്ന വിനോദിന്റെ ദേഹത്ത് കൂടുതൽ ക്ഷതമുണ്ടാകാതെ വടംകെട്ടി, ചുറ്റുമുള്ള മണ്ണ് നീക്കി ഏറെ കരുതലോടെയായായിരുന്നു അഗ്നിശമന സേനാംഗങ്ങളുടെ പ്രവർത്തനം.
കിണറ്റിനുള്ളിൽ വിനോദിനെ ബന്ധിച്ച വടം ഫ്ലാറ്റിന്റെ മുകളിലെ നിലയിൽനിന്ന് വലിച്ച് ഉയർത്തുകയായിരുന്നു. ഒന്നരമണിക്കൂറിനൊടുവിൽ വിനോദിനെ മുകളിലെത്തിക്കാനായതോടെ കൂടിനിന്നവർക്കാകെ ആശ്വാസമായി. ഉടൻ ആംബുലൻസിൽ വിനോദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിനോദിനെ പുറത്തെത്തിച്ചതിന് പിന്നാലെ കിണർ എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണിട്ട് മൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.