കുളപ്പാറ മലയില്‍ പാറഖനനത്തിന് നീക്കം; സമരത്തിനൊരുങ്ങി നാട്ടുകാർ

കുന്നിക്കോട്: ജൈവവൈവിധ്യഭൂമിയായ മേലില കുളപ്പാറമലയില്‍ വീണ്ടും പാറഖനനത്തിന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കുളപ്പാറമലയില്‍ ഖനനം നടത്താനുള്ള അനുമതിക്കായി ഉടമകള്‍ സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജൂലൈ 21ന് കോക്കാട് മലിനീകരണ നിയന്ത്രണബോര്‍ഡിന്‍റെ പബ്ലിക് ഹിയറിങ് നടക്കും.

മേലില, വിളക്കുടി പഞ്ചായത്തുകളുടെ അതിർത്തിയിലാണ് കുളപ്പാറമല. 2014 ല്‍ സമാന രീതിയില്‍ ഖനനമേഖലയാക്കാന്‍ ശ്രമം നടത്തുകയും അടിവാരത്തുണ്ടായിരുന്ന പത്തോളം കുടുംബങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. തുടർന്ന് സമീപത്തെ ജലപാതവരെ കൈയേറി മലയിലേക്ക് റോഡ് നിർമിച്ച് യന്ത്രസാമഗ്രികള്‍ എത്തിച്ചിരുന്നു.

ശക്തമായ ജനകീയ പ്രതിഷേധം കാരണം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. 1972ല്‍ കുളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയും വിളക്കുടി, മേലില പഞ്ചായത്തുകളുടെ ഏറിയ മേഖലകളും നശിക്കുകയും ചെയ്തിരുന്നു. ഇതേ സ്ഥലത്താണ് വീണ്ടും പാറ ക്വാറി നടത്തിപ്പിന് സ്വകാര്യ കമ്പനി അനുമതി തേടിയിരിക്കുന്നത്. 72 ഏക്കറിലധികം ഭൂമിയിലാണ് ഖനനാനുമതിക്ക് അപേക്ഷ നല്‍കിയത്.

ജനകീയ പ്രക്ഷോഭം കാരണം ലൈസന്‍സ് റദ്ദ് ചെയ്ത കോലിഞ്ചിമലയുടെ എതിര്‍വശത്താണ് കുളപ്പാറമല. ഈ രണ്ടു മലകളുടെ അടിവാരത്തും ചുറ്റിലുമായി അഞ്ഞൂറിലധികം വീടുകളുണ്ട്. ചരിത്രഗ്രന്ഥങ്ങളിലും ലളിതാംബിക അന്തർജനത്തിന്‍റെ പുസ്തകങ്ങളിലും പ്രതിപാദിച്ച കുളപ്പാറ മലയിൽ ക്വാറിക്ക് ഖനനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി രൂപവത്കരിക്കാന്‍ തയാറെടുക്കുകയാണ് നാട്ടുകാര്‍.

Tags:    
News Summary - Removal for rock quarrying at Kulappara hill; The locals are ready for the strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.