പുനലൂര്‍: ശബരിമല തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി സിവില്‍സപ്ലൈസ് വകുപ്പ് പുനലൂരില്‍ ഭക്ഷണശാല തുടങ്ങുമെന്ന് പി.എസ്. സുപാല്‍ എം.എല്‍.എ. ഇതിനാവശ്യമായ സ്ഥലം നഗരസഭ നല്‍കും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പുനലൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും നഗരസഭ ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിർദേശം നല്കി. പുനലൂരിലേക്ക് എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്ക് വിരിവെക്കാനുള്ള സൗകര്യങ്ങളും ദേവസ്വം ബോര്‍ഡിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ ഉടന്‍ പൂര്‍ത്തിയാക്കണം.
റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ക്വാഡ് രൂപവത്കരിക്കും. ഇതിന്റെ പ്രവര്‍ത്തനത്തെ പുനലൂര്‍ ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ നിരീക്ഷിക്കും. ഭക്ഷണസാധനങ്ങളുടെ വില കടകളില്‍ കൃത്യമായി എഴുതി പ്രദര്‍ശിപ്പിക്കണം.
പുനലൂര്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലും താലൂക്ക് ആശുപത്രിയിലും പൊലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും.
ആരോഗ്യവകുപ്പ് സംവിധാനം എല്ലാം സജ്ജമായതായി അധികൃതര്‍ അറിയിച്ചു.
നാഷനല്‍ ഹൈവേ ഉദ്യോഗസ്ഥരും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി കോട്ടവാസല്‍ മുതല്‍ ഉള്ള ഭാഗങ്ങള്‍ സന്ദര്‍ശിച്ച് അപകടാവസ്ഥ ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. പത്തിന് ദേവസ്വം മന്ത്രി പുനലൂരില്‍ അവലോകനത്തിനായി എത്തുന്നതിനു മുമ്പ് മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കണമെന്നും എം.എല്‍.എ നിർദേശിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം, വൈസ് ചെയര്മാന് വി.പി. ഉണ്ണികൃഷ്ണന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എ. അനസ്, ആര്.ഡി.ഒ ബി. ശശികുമാര്‍, പുനലൂര്‍ തഹസില്‍ദാര്‍ കെ.എസ്. നസിയ, വിവിധ വകുപ്പ് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.