കൊല്ലം: അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള ‘സീ അഷ്ടമുടി’ഡബ്ൾ ഡെക്കർ ബോട്ട് സവാരിക്ക് ഫെബ്രുവരി രണ്ടാം വാരം തുടക്കമാകും. ഫെബ്രുവരി 12ന് മുമ്പ് ഉദ്ഘാടനം നടത്താനാണ് ജലഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.
നേരത്തേ ഡബ്ൾ ഡെക്കർ ബോട്ടിന്റെ പരീക്ഷണ ഓട്ടവും ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് സർവേയുടെ സുരക്ഷ പരിശോധനയും ഉൾപ്പെടെ നടപടികൾ പൂർത്തിയായിരുന്നു. റൂട്ടും നിരക്കും സംബന്ധിച്ചും തീരുമാനമായി.
മുകളിൽ 30 സീറ്റുകളും താഴെ 60 സീറ്റുകളുമാണുള്ളത്. രാവിലെ 10.30നും ഉച്ചക്കുശേഷം മൂന്നിനുമായി ദിനംപ്രതി രണ്ട് സർവിസാണുണ്ടാകുക. അപ്പർ ഡെക്കിന് 300 രൂപയും ലോവർ ഡെക്കിന് 250 രൂപയുമാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പകുതി നിരക്കും അഞ്ച് വയസ്സിന് താഴെ സൗജന്യവുമാണ്.
കൊല്ലം-സാമ്പ്രാണിക്കോടി-മൺറോതുരുത്ത് റൂട്ടിലൂടെ മൂന്നര മണിക്കൂർ സർവിസാണ് ഒരുക്കുന്നത്. ഒന്നര മണിക്കൂർ വീതം ഇരുഭാഗത്തേക്കുമുള്ള യാത്രയിൽ സാമ്പ്രാണിക്കോടി തുരുത്തിൽ ഇറങ്ങി സമയം ചെലവഴിക്കാനും കഴിയും.
ആവശ്യാനുസരണം ഉച്ചഭക്ഷണം, ലഘുഭക്ഷണം എന്നിവ യാത്രക്കിടയിൽ ലഭ്യമാക്കും. ഇതിന് നേരത്തേ ബുക്ക് ചെയ്യണം. കുടുംബശ്രീ വനിതകൾ ഒരുക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.
ടിക്കറ്റ് ഉറപ്പാക്കാൻ പ്രത്യേക നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം. ഒരു മാസം കഴിഞ്ഞ് വരെയുള്ള തീയതികളും ബുക്ക് ചെയ്യാനാകും. ഗ്രൂപ് ബുക്കിങ്ങിനും സൗകര്യമുണ്ട്. നേരത്തേ ബുക്ക് ചെയ്യാതെ എത്തുന്നവർക്ക് സീറ്റ് ലഭ്യത അനുസരിച്ച് ടിക്കറ്റ് വാങ്ങാനാകും.
ആലപ്പുഴ ‘സീ കുട്ടനാട്’ മാതൃകയിലാണ് കൊല്ലത്തും കായൽ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി ‘സീ അഷ്ടമുടി’ എത്തുന്നത്. ആലപ്പുഴയിൽ ഞായറാഴ്ചകളിലെ സർവിസിന് ആഴ്ചകൾക്ക് മുമ്പ് തന്നെ ബുക്കിങ് നിറയുന്ന സ്ഥിതിയാണുള്ളത്. കൊല്ലത്തും സമാനരീതിയിൽ സർവിസ് ജനപ്രിയമാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.