കിളികൊല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ പ്രകാരം യുവാവ് പൊലീസ് പിടിയിലായി. പത്തനംതിട്ട തണ്ണിത്തോട് വെട്ടൂർ കാട്ടിൽ ശ്രീക്കുട്ടൻ (22) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഫോണിലൂടെ പ്രണയം നടിച്ച് വശീകരിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. സമൂഹമാധ്യമം വഴിയുള്ള പരിചയം മുതലെടുത്ത പ്രതി പെൺകുട്ടിയെ സ്കൂൾ പരിസരത്ത് എത്തി നേരിൽ കാണുകയും പിന്നീട് ബീച്ചിലും മറ്റും കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്തു.
പിന്നീട് വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി അതിക്രമിച്ച് കടന്ന പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിക്ക് വഴങ്ങി പീഡനവിവരം മറച്ചുെവച്ചെങ്കിലും പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ പ്രകടമായതിനെ തുടർന്ന് രക്ഷാകർത്താക്കൾ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്.
തുടർന്ന് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.
കിളികൊല്ലൂർ എസ്.ഐ സുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ്, എ.എസ്.ഐ ജിജു, എസ്.സി.പി.ഒമാരായ ഷൺമുഖദാസ്, അനിതാകുമാരി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.