കൊല്ലം: തെരുവുനായ് ആക്രമണങ്ങൾ പതിവായിട്ടും ജില്ലയിൽ നിലച്ച എ.ബി.സി പദ്ധതി പുനരാരംഭിക്കാൻ നടപടിയില്ല. ചൂട് കൂടിയതോടെ ദിവസവും നിരവധി തെരുവ്നായ് ആക്രമണസംഭവങ്ങൾക്കാണ് ജില്ലയിലുണ്ടാകുന്നത്. കോർപറേഷനിൽ ഒഴികെ ജില്ലയിൽ മറ്റൊരു തദ്ദേശസ്ഥാപനത്തിലും തെരുവുനായ് വന്ധ്യംകരണ പദ്ധതിയായ എ.ബി.സി നടക്കാതായിട്ട് ഏഴ് മാസങ്ങളാകുന്നു. പ്രധാന നഗരങ്ങളിലും റോഡുകളിലും തെരുവുനായ് ശല്യം രൂക്ഷമാണ്.
കൊല്ലം നഗരത്തിലെ ആശ്രാമം, ചിന്നക്കട, റെയിൽവേ സ്റ്റേഷൻ പരിസരം, കെ.എസ്.ആർ.ടി.സി പരിസരം, ക്യു.എസ് റോഡ്, കടപ്പാക്കട എന്നിവിടങ്ങളിലെല്ലാം നായ്ക്കൾ വിഹരിക്കുകയാണ്. കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉൾപ്പെടെ രാത്രികാലങ്ങളിൽ നിരവധി നായ്ക്കളാണ് അലഞ്ഞുനടക്കുന്നത്. പ്രഭാതസവാരിക്കാർ, രാവിലെ യാത്രകൾക്കായി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകഴിലും എത്തുന്നവർ, കാൽനടക്കാർ, ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ, വ്യാപാരികൾ, പത്രവിതരണക്കാർ, വിദ്യാർഥികൾ എന്നിവർക്കാണ് ഏറെയും കടിയേൽക്കുന്നത്.
തെരുവുനായ് ആക്രമണങ്ങൾക്ക് പിന്നാലെ പേവിഷബാധ ആശങ്കകളും പടരുന്നത് പതിവാണ്. നിരവധി തെരുവുനായ്ക്കൾക്കാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ പേവിഷബാധ സ്ഥിരീകരിച്ചത്. ചില സ്ഥലങ്ങളിൽ കുറുനരികളും വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും ആക്രമിക്കുന്നതായി മൃഗസംരക്ഷണവകുപ്പ് സംശയം പറയുന്നുണ്ട്.
കുറുനരികൾക്ക് പ്രതിരോധശേഷി കൂടുതലായതിനാൽ പേബാധിച്ചാലും ചാവില്ല. ഇങ്ങനെയുള്ളവ പേവിഷവാഹകരാകുകയാണെന്ന് അധികൃതർ പറയുന്നു. നായ്ക്കളെയും മറ്റ് മൃഗങ്ങളെയും ഇവ കടിക്കുമ്പോൾ അവയിലേക്കും രോഗം പടരാൻ സാധ്യതയേറെയാണ്. മാലിന്യം കുന്നുകൂടുന്ന സ്ഥലങ്ങളിൽ വൻതോതിൽ തെരുവ്നായ്ക്കളെത്തി കടിപിടികൂടുന്നത് പേ നായ്ക്കളിലേക്ക് പടരാൻ സാധ്യതയേറ്റുന്നു. മാലിന്യസംസ്കരണത്തിന് കൃത്യമായ മാർഗം സ്വീകരിച്ചാലേ ഇതിനുപരിഹാരമാവൂ. ഇരുചക്രവാഹനയാത്രികർക്കുനേരെ നായ്ക്കൾ പാഞ്ഞടുക്കുന്നതിനാൽ ഇവർ അപകടത്തിൽപെടാനും സാധ്യതയേറെയാണ്.
മൃഗസംരക്ഷണവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 72,000 അധികം തെരുവുനായ്ക്കളുണ്ട്. ഇവയെ നിയന്ത്രിക്കാൻ ജില്ലയിൽ ഒമ്പതിടങ്ങളിൽ എ.ബി.സി സെന്ററുകൾ തുടങ്ങിയിരുന്നു. പിന്നീട് ഇവയുടെ പ്രവർത്തനം നിലച്ചു. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങൾ കാരണം പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതിനാലാണ് പ്രവർത്തനം മുടങ്ങിയത്. 2000 ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ സേവനമുണ്ടെങ്കിലേ നായ്ക്കളെ വന്ധ്യംകരിക്കാനുള്ള അനുമതിയുള്ളൂ.
എ.ബി.സി സെന്ററിൽ എ.സി, അടുക്കള, പാചകക്കാർ, ശുചിമുറികൾ തുടങ്ങിയവ വേണമെന്ന ആവശ്യം കർശനമാണ്. ഇവക്ക് ഫണ്ടില്ലാത്തതിനാൽ തദ്ദേശസ്ഥാപനങ്ങൾ പദ്ധതി നടപ്പാക്കാൻ തയാറാകുന്നില്ല.
മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്നതിനാൽ നിരവധിയിടങ്ങളിലെ സെന്റർ പൂട്ടേണ്ടി വന്നു. ജനവാസമില്ലാത്ത സ്ഥലം കണ്ടെത്താൻ കഴിയാത്തതും വെല്ലുവിളിയാണ്. അഞ്ചാലുംമൂട് എ.ബി.സി കേന്ദ്രമുള്ള കോർപറേഷൻ മാത്രമാണ് ഇപ്പോഴും വന്ധ്യംകരണ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.
മറ്റുള്ള നഗരസഭകൾക്കോ പഞ്ചായത്തുകൾക്കോ ജില്ല പഞ്ചായത്തിനോ എ.ബി.സി സെന്റർ ഇല്ലാത്തതിനാലാണ് പദ്ധതി മുന്നോട്ടുപോകാത്തതെന്നാണ് അധികൃതർ പറയുന്നത്. തെരുവുനായ്ക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കെ നിബന്ധനകൾ പ്രകാരമുള്ള എ.ബി.സി സെന്റർ തുറക്കുന്നതിലുള്ള മെല്ലപ്പോക്ക് അധികൃതർ ഉപേക്ഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.