കൊല്ലം: ഇടവിട്ടുള്ള വേനല്‍മഴയില്‍ കൊതുക്പെരുകുന്ന പശ്ചാത്തലത്തില്‍ ഡെങ്കിപനിക്ക് സാധ്യതയേറയെന്നും മുന്‍കരുതലെടുക്കണമെന്നും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങളെയും ഇതുവഴി പ്രതിരോധിക്കാം. ഡ്രൈ കണ്ടെയ്നര്‍ എലിമിനേഷന് ക്യാമ്പയിനും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.
പനിയോടൊപ്പം തലവേദന, കണ്ണിനുപുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്നു തടിച്ച പാടുകള്‍ക്കും സാധ്യതയുണ്ട്.
സ്വയം ചികിത്സ പാടില്ല. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ അളവ് പെട്ടന്ന് കുറയാന്‍ സാധ്യയുള്ളതിനാല് ചികിത്സ തേടണം. പനി മാറിയാലും നാലു ദിവസം സമ്പൂര്‍ണ്ണ വിശ്രമമാകാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിപാനീയങ്ങള്‍ ഉപയോഗിക്കാം. വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുക് വലയ്ക്കുള്ളിലാകണം.
ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ അപകടമാണ്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകള്‍, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല് സംഭരിക്കുന്ന ചിരട്ടകള്‍, കമുകിന് പാളകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, മഴവെള്ളപാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടികിടക്കുന്ന വെള്ളം തുടങ്ങിയ ഉറവിടങ്ങള്‍ക്ക് ഇടനല്കരുത്.
ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.