സംസ്ഥാന സർക്കാർ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളില്‍ ‘ടേക് എ ബ്രേക്ക്’ പദ്ധതിയിലൂടെയാണ് വഴിയോര വിശ്രമകേന്ദ്രങ്ങൾ വ്യാപകമാക്കാനുള്ള നീക്കത്തിന് തുടക്കമിട്ടത്. ജില്ലയിൽ പ്രഖ്യാപിച്ച 68 വിശ്രമകേന്ദ്രങ്ങളിൽ നിർമാണം പൂത്തീകരിച്ചത് 30 എണ്ണം മാത്രമാണ്. അവയിൽ ഉദ്ഘാടനം കഴിഞ്ഞ് നല്ല രീതിയിൽ പ്രവർത്തിക്കുന്നതാകട്ടെ വളരെ കുറച്ചും. ഓരോ പഞ്ചായത്തിലും ഉയര്‍ന്ന നിലവാരമുള്ള രണ്ടു പൊതുശുചിമുറി സമുച്ചയങ്ങള്‍ നിർമിക്കാനായിരുന്നു പദ്ധതി. സ്ഥലമുള്ളയിടങ്ങളില്‍ ഒപ്പം കോഫി ഷോപ്പ്/റിഫ്രഷ്മെന്റ് സെന്റര്‍ കൂടി കേന്ദ്രത്തിന്റെ ഭാഗമാകും. പലയിടത്തും ലക്ഷങ്ങൾ ചെലവഴിച്ച കെട്ടിടങ്ങൾ ഉദ്ഘാടനം കഴിഞ്ഞതും അല്ലാത്തതും ഒക്കെയായി വിവിധ കാരണങ്ങളാൽ ഉപയോഗശൂന്യമായി നശിക്കുകയാണ്. പാതിയിൽ നിൽക്കുന്ന വിശ്രമകേന്ദ്രങ്ങളുടെ ചില ഉദാഹരണങ്ങൾ ഇതാ....
കൊല്ലം: 96 ലക്ഷം രൂപ ചെലവിൽ കൊല്ലം കോർപറേഷന്റെ പ്രധാന പദ്ധതി എന്ന നിലയിൽ യാഥാർഥ്യമായ ‘ടേക് എ ബ്രേക്ക്’ കേന്ദ്രം മികച്ച പ്രവർത്തനവുമായി മാതൃക തീർക്കുന്നു. കൊല്ലം ആണ്ടാമുക്കത്ത് നിർമിച്ച ഇരുനില കെട്ടിടത്തിൽ ഒരുക്കിയ വിശ്രമകേന്ദ്രം കഴിഞ്ഞ മാർച്ച് 24 നാണ് ഉദ്ഘാടനം ചെയ്തത്. 2425 ചതുരശ്രയടി വിസ്തീർണമുള്ള കേന്ദ്രത്തിൽ എ.സി /നോണ്‍ എ.സി കിടപ്പുമുറികളും കഫത്തീരിയയും 10 യൂറിനലുകളും എട്ട് ടോയ്ലറ്റുകളും ഒരുക്കിയിട്ടുണ്ട്. ഇടക്ക് ജലലഭ്യത പ്രശ്നമായതിന് പരിഹാരം കണ്ടതോടെയാണ് മികച്ചരീതിയിൽ കോർപറേഷൻ വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തനം മുന്നേറുന്നത്.
ശാസ്താംകോട്ട: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച വഴിയോര വിശ്രമകേന്ദ്രങ്ങൾ ആർക്കും പ്രയോജനമില്ലാതെ കിടക്കുന്ന കാഴ്ചയാണ് ശാസ്താംകോട്ട മേഖലയിൽ. മൈനാഗപ്പള്ളി പഞ്ചായത്ത് കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിന് സമീപം ശുചിത്വമിഷന്റെ 2021-22 വർഷത്തെ പദ്ധതിയിൽപ്പെടുത്തി 18 ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്. ഒരു വർഷം മുമ്പ് തന്നെ മുഴുവൻ പണികളും പൂർത്തിയായെങ്കിലും വൈദ്യുതി-ജല കണക്ഷനുകൾ ലഭിച്ചിരുന്നില്ല. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് വൈദ്യുതി-വെള്ള കണക്ഷനുകൾ ലഭിച്ച് ആറുമാസം കഴിഞ്ഞിട്ടും തുറന്ന് നൽകിയിട്ടില്ല.
25 ലക്ഷം രൂപ ചെലവഴിച്ച് ശാസ്താംകോട്ട പഞ്ചായത്ത് ശാസ്താംകോട്ട ചന്തക്കുള്ളിൽ പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിച്ചെങ്കിലും ഇലക്ട്രിക് പണികൾ ചെയ്യാത്തതിനാൽ തുറന്ന് നൽകിയിട്ടില്ല.
പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കടപുഴ ജങ്ഷനിൽ 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ പണി പൂർത്തീകരിച്ചെങ്കിലും തുറന്ന് നൽകിയിട്ടില്ല. എ.ടി.എം സൗകര്യം ഉൾപ്പെടെ വിശ്രമകേന്ദ്രം നവംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് പറയുന്നു. ശൂരനാട് വടക്ക് പഞ്ചായത്ത് ശൂരനാട് എച്ച്.എസ് ജങ്നിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ പണികൾ പൂർത്തീകരിച്ചെങ്കിലും തുറന്ന് നൽകിയിട്ടില്ല. പോരുവഴി പഞ്ചായത്തിൽ വിശ്രമകേന്ദ്രം നിർമാണ ഘട്ടത്തിലാണ്.
ശൂരനാട് തെക്ക് പഞ്ചായത്തിൽ ചക്കുവള്ളി ചിറക്ക് സമീപം നിർമിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഒരുവർഷം മുമ്പ് കലക്ടർ അഫ്സാന പർവീൺ നിർവഹിച്ചിരുന്നു. കുടുംബശ്രീയുടെ സഹകരണത്തോടെ ഇത് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നുണ്ട്.
കടയ്ക്കൽ: വഴിയോര വിശ്രമകേന്ദ്രങ്ങളില്ലാത്ത പട്ടണങ്ങൾ ചടയമംഗലം മണ്ഡലത്തിൽ വിരളമാണ്. എന്നാൽ പലതും പണിതുയർത്തിയിട്ടുണ്ടെങ്കിലും ഒരിടത്തും പ്രവർത്തിക്കുന്നില്ല. എം.സി. റോഡിൽ ചടയമംഗലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്താണ് ‘ടേക്ക് എ ബ്രേക്ക്’ എന്ന പേരിൽ വഴിയോര വിശ്രമകേന്ദ്രം തുടങ്ങിയത്. ദൂരയാത്രികർക്ക് സഹായമാകുന്ന കേന്ദ്രം ഉദ്ഘാടനശേഷം അധികമൊന്നും പ്രവർത്തിച്ചില്ല. കടയ്ക്കലിൽ ജില്ല കൃഷിഫാമിന്റെ വയൽ റോഡിനായി ഏറ്റെടുത്ത സ്ഥലത്ത് വഴിയോര വിശ്രമ കേന്ദ്രം പണി തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ പൂർത്തിയായില്ല. നിലവിലുണ്ടായിരുന്ന വെയിറ്റിങ് ഷെഡ് പൊളിച്ചുനീക്കിയാണ് പണി തുടങ്ങിയത്.
യാത്രക്കാർക്ക് മഴ പെയ്താൽ കയറിനിൽക്കാൻ പോലും ഇടമില്ല. ചിതറ പഞ്ചായത്തിലെ ഐരക്കുഴി ചന്തയിലാണ് ജില്ല പഞ്ചായത്തിന്റെ ‘തണ്ണീർപന്തൽ’ വിശ്രമ കേന്ദ്രം നിർമിച്ചത്. ഉദ്ഘാടനം ചെയ്തതൊഴിച്ചാൽ യാത്രികരാരും തണ്ണീർപന്തൽ ഉപയോഗിക്കുന്നില്ല. കടയ്ക്കൽ-മടത്തറ റോഡിന് സമീപം ഐരക്കുഴി ചന്തക്കുള്ളിലാണ് കേന്ദ്രം പണിതതെന്നതിനാൽ യാത്രക്കാരുടെ ശ്രദ്ധയിൽ പെടുന്നില്ല.
കൊട്ടിയം: വഴിയാധാരമായി ആദിച്ചനല്ലൂരിലെ വഴിയിടം വിശ്രമകേന്ദ്രം. ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയിൽ നിർമിച്ച കെട്ടിടമാണ് കാട് മൂടി സാമൂഹികവിരുദ്ധരുടെ താവളമായി ഉപയോഗശൂന്യമായി കിടക്കുന്നത്. ഇത്തിക്കര-ഓയൂർ റോഡിൽ കുമ്മല്ലൂരിലാണ് വഴിയിടം സ്ഥാപിച്ചിട്ടുള്ളത്.
ഉദ്ഘാടനം നടത്തിയതല്ലാതെ നാളിതുവരെ ആരും കയറിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രിയായാൽ മദ്യപാനികളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാണിവിടെ. ശുചിമുറി കൂടാതെ കേന്ദ്രത്തോട് ചേർന്ന് കോഫി ഷോപ്, വിശ്രമകേന്ദ്രങ്ങൾ എന്നിവ നിർമിക്കാൻ കഴിയുമെന്നിരിക്കെ സ്ഥാപനം പ്രവർത്തിപ്പിക്കാൻ ആളില്ലാതെ അടഞ്ഞുകിടക്കുകയാണ്. ജനത്തിരക്കേറിയ റോഡരികിലെ കെട്ടിടം നോക്കാനാളില്ലാത്തത് മൂലം നശിച്ചുതുടങ്ങി.
ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച വഴിയിടം പദ്ധതി അനാഥമായി തുടരുന്നു.
‘ടേക് എ ബ്രേക്ക്’ പദ്ധതിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം കഴിഞ്ഞ ഏപ്രിൽ 25നാണ് ഉദ്ഘാടനം ചെയ്തത്. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്താണ് ഇത് നിർമിച്ചിരിക്കുന്നത്.
മിക്ക യാത്രികരും ബസ് കാത്ത് നിൽക്കുന്നത് ഓയൂർ ജങ്ഷനിലാണ്. അവിടെ നിന്ന് മാറിയുള്ള വിശ്രമകേന്ദ്രത്തിലേക്ക് ആരും എത്തുന്നില്ല.
അഞ്ചൽ: ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തിയാക്കിയെങ്കിലും പൊതുജനത്തിന്ന് പ്രയോജനപ്പെടാതെ അമിനിറ്റി സെൻറർ. മലയോര ഹൈവേയിൽ കുരുവിക്കോണം ജങ്ഷന് സമീപത്തെ റോഡരികിലാണ് പൊതുമരാമത്ത് വകുപ്പ് നിർമിച്ച വഴിയോര വിശ്രമകേന്ദ്രം. മൂന്ന് വർഷം മുമ്പാണ് നിർമിച്ചത്.
നടത്തിപ്പുമായി ബന്ധപ്പെട്ട അവ്യക്തതയാണ് സെൻറർ അടച്ചിടാൻ കാരണമായത്. ഇതേത്തുടർന്ന് ഇവിടേക്കുള്ള വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഇതോടെ തെരുവുനായ്ക്കളുടെയും സാമൂഹ്യ വിരുദ്ധന്മാരുടെയും താവളമായി മാറി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പി.എസ് സുപാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും നാല് ലക്ഷം രൂപ അനുവദിച്ച് കെട്ടിടം പൂർത്തീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.