കൊല്ലം: തകരാറില്ലാത്ത റോഡിൽ റീടാറിങ് നടത്തുകയും മണിക്കൂറുകൾക്കകം തകരുകയും ചെയ്ത സംഭവത്തിൽ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൊട്ടാരക്കര റോഡ് സെക്ഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഒ. ജലജ, അസി. എൻജിനീയർ എസ്. ബിജു, ഓവർസിയർ അർച്ചന പങ്കജ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിലെ പനവിള-പുലിക്കുഴിമുക്ക്-മലവിള റോഡാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് റീടാറിങ് ചെയ്തത്. നിർമാണം ഭൂരിഭാഗവും പൂർത്തിയായ ഘട്ടത്തിൽ തന്നെ ടാറിങ് തകരുകയും ചെയ്തു. തകരാറില്ലാത്ത റോഡിലാണ് റീടാറിങ് നടത്തിയതെന്നും കൈകൊണ്ട് ഇളക്കിയെടുക്കാവുന്ന രീതിയിൽ പുതിയ ടാറിങ് തകർന്നത് നിലവാരമില്ലാത്ത നിർമാണം കൊണ്ടാണെന്നും ആരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി.
സമൂഹമാധ്യമങ്ങൾ വഴി സംഭവം പ്രചരിച്ചതോടെ പരാതി ശ്രദ്ധയിൽപെട്ട മന്ത്രി മുഹമ്മദ് റിയാസ് അന്വേഷണത്തിന് നിർദേശം നൽകുകയായിരുന്നു. പൊതുമരാമത്ത് വിജിലൻസ് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ആരോപണം ശരിവെച്ചുള്ള പ്രാഥമിക റിപ്പോർട്ട് മന്ത്രിക്ക് മുന്നിലെത്തിയതോടെയാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. നിർമാണം നിർത്താനും നിർദേശം നൽകി. രണ്ട് കിലോമീറ്ററോളം വരുന്ന റോഡ് നിർമാണം സംബന്ധിച്ച മുഴുവൻ വിവരങ്ങളും അന്വേഷണവിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.